ഓസ്കർ: യുഎസ് പ്രചാരണത്തിന് തുടക്കമിട്ട് ‘2018’
Mail This Article
കൊച്ചി ∙ ഓസ്കറിൽ ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ സിനിമ ‘2018’ന്റെ ആഗോള പ്രചാരണത്തിനു തുടക്കം. സംവിധായകൻ ജൂഡ് ആന്തണി ജോസഫും നിർമാതാക്കളിലൊരാളായ വേണു കുന്നപ്പിള്ളിയും യുഎസിലെ പ്രചാരണത്തിനു തുടക്കമിട്ടു. ഡിസംബർ 15നാണ് ഓസ്കർ പട്ടികയിലെ അവസാന 15 ചിത്രങ്ങളെ തിരഞ്ഞെടുക്കാനുള്ള വോട്ടിങ് നടക്കുന്നത്. ഇതിനു മുൻപ് വോട്ടിങ്ങിന് അവകാശമുള്ള അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസിന്റെ വിവിധ വിഭാഗങ്ങളിലെ പതിനായിരത്തോളം അംഗങ്ങളുൾപ്പെടെ പരമാവധി പേർക്കു മുന്നിൽ ചിത്രം പ്രദർശിപ്പിച്ചു വോട്ട് സമാഹരിക്കുകയാണു ലക്ഷ്യം.
ഡിസംബർ 21ന് ഇതിന്റെ ഫലം വരും. ജനുവരി 14നു രണ്ടാംഘട്ട വോട്ടിങ് ആരംഭിക്കും. ഇതിലും തിരഞ്ഞെടുക്കപ്പെട്ടാൽ ചിത്രം അവസാന അഞ്ചിൽ ഉൾപ്പെടും. മാർച്ച് പത്തിനാണ് ഓസ്കർ പ്രഖ്യാപനം. യുഎസിലെ ലൊസാഞ്ചലസിൽ ഏഷ്യൻ വേൾഡ് ഫിലിം ഫെസ്റ്റിവലിൽ ചിത്രത്തിനു മികച്ച അഭിപ്രായമാണു ലഭിച്ചതെന്നു ജൂഡ് പറഞ്ഞു. മറ്റു രാജ്യങ്ങളിലും പ്രദർശനമുണ്ട്. തെക്കേ അമേരിക്കയിൽ നാനൂറിലേറെ സ്ക്രീനുകളിലാണു പ്രദർശനം.