ഗോത്രവർഗവികസനത്തിന് 24,000 കോടിയുടെ പദ്ധതി
Mail This Article
ന്യൂഡൽഹി ∙ രാജ്യത്തെ ഗോത്രവർഗക്കാരുടെ സമഗ്ര വികസനത്തിനായി കേന്ദ്രസർക്കാർ 24,000 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കും. നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ഗോത്ര വർഗ സ്വാതന്ത്ര്യ പോരാളി ബിർസ മുണ്ടയുടെ ജന്മദിനമായ നവംബർ 15 ജനജാതീയ ഗൗരവ് ദിവസമായി കേന്ദ്രസർക്കാർ 2021 ൽ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ബജറ്റിൽ ഗോത്രവർഗക്കാർക്കായി പ്രത്യേക വികസന മിഷൻ പ്രഖ്യാപിച്ചു. സാമൂഹിക, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായി വിവിധ പദ്ധതികൾ ആവിഷ്കരിക്കുമെന്നും പിന്നീട് പ്രധാനമന്ത്രി പറഞ്ഞു.
രാജ്യത്തെ 18 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 75 ഗോത്രങ്ങളാണുള്ളത്. 220 ജില്ലകളിലെ 22,544 ഗ്രാമങ്ങളിലായാണ് ഇത്. പലയിടങ്ങളിലും പ്രാഥമിക സൗകര്യങ്ങൾ പോലും ഇല്ല. റോഡ്, വൈദ്യുതി, സ്ഥിര ഭവനം, ശുദ്ധജലം, ശുചിമുറികൾ, വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം, സുസ്ഥിര ജീവിതസാഹചര്യം എന്നിവ ഉറപ്പാക്കുകയാണ് നാളെ ആരംഭിക്കുന്ന പദ്ധതിയുടെ ലക്ഷ്യം. ഇതിനായി 9 മന്ത്രാലയങ്ങളുടെ വിവിധ പദ്ധതികൾ ഏകോപിപ്പിക്കും. പിഎം ഗ്രാമീണ റോഡ് പദ്ധതി, ഭവന പദ്ധതി, ജലജീവൻ മിഷൻ എന്നിവ ഉൾപ്പെടെയാണിത്. ഈ പദ്ധതികൾക്കുള്ള നിബന്ധനകളിൽ ഗോത്രവർഗക്കാർക്ക് ഇളവു നൽകിയേക്കും.
ആയുഷ്മാൻ പദ്ധതി, അരിവാൾ രോഗ നിർമാർജന പദ്ധതി, ക്ഷയരോഗ നിർമാർജനം, പ്രതിരോധ കുത്തിവയ്പ്, സുരക്ഷാ മാതൃത്വ പദ്ധതി തുടങ്ങിയവ എല്ലാ ഗോത്രവർഗക്കാർക്കും പ്രയോജനപ്പെടുമെന്നുറപ്പാക്കലും ഇതിന്റെ ഭാഗമായി നടത്തും. ജാർഖണ്ഡിലെ ബിർസ മുണ്ടയുടെ ജന്മസ്ഥലമായ ഉളിഹാട്ട് ഗ്രാമത്തിലായിരിക്കും പ്രധാനമന്ത്രി നാളെ പദ്ധതി ഉദ്ഘാടനം ചെയ്യുക. സർക്കാർ പദ്ധതികൾ എല്ലാവരിലേക്കുമെത്തിക്കാനുള്ള വികസിത ഭാരത രഥയാത്രകളും മോദി ഉദ്ഘാടനം ചെയ്യും.