മോചനം ആവശ്യപ്പെട്ട് രാജീവ് വധക്കേസ് പ്രതികൾ വീണ്ടും കോടതിയിൽ
Mail This Article
ചെന്നൈ ∙ തിരുച്ചിറപ്പള്ളിയിൽ വിദേശ കുറ്റവാളികൾക്കുള്ള സ്പെഷൽ ക്യാംപിൽ കഴിയുന്ന രാജീവ് ഗാന്ധി വധക്കേസ് പ്രതികളായ ജയകുമാറും റോബർട്ട് പയസും മോചനം ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി സമീപിച്ചു.
സുപ്രീംകോടതി മോചിപ്പിച്ച് ഒരു വർഷമായിട്ടും ഇപ്പോഴും സ്പെഷൽ ക്യാംപിൽ തടവുകാരെപ്പോലെ കഴിയുകയാണെന്നും ബന്ധുക്കൾക്കൊപ്പം ജീവിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇരുവരും ഹർജി സമർപ്പിച്ചത്.
ചെന്നൈയിലുള്ള ബന്ധുക്കൾക്കൊപ്പം ജീവിക്കാൻ അനുവദിക്കണമെന്നാണ് ജയകുമാറിന്റെ ആവശ്യം. വിദേശത്തുള്ള മകനൊപ്പം കഴിയാൻ വിട്ടയയ്ക്കണമെന്നാണു റോബർട്ട് പയസിന്റെ ആവശ്യം. കേസിലെ പ്രതികളിൽ 2 പേരൊഴികെ ബാക്കിയുള്ളവർ ശ്രീലങ്കൻ സ്വദേശികളായതിനാൽ അവരെ തിരുച്ചിറപ്പള്ളിയിലെ സ്പെഷൽ ക്യാംപിലാണു പാർപ്പിച്ചിരിക്കുന്നത്. അവർക്ക് ഒരു രാജ്യത്തിന്റെയും പാസ്പോർട്ടില്ലാത്തതിൽ മറ്റൊരിടത്തേക്കും അയയ്ക്കാനോ നാടുകടത്താനോ കഴിയുന്നില്ല. അവരെ തിരിച്ചു കൊണ്ടു പോകണമെന്നു വിദേശകാര്യമന്ത്രാലയം ശ്രീലങ്കയോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇക്കാര്യത്തിലും നടപടികൾ വൈകുകയാണ്. ഹർജി ഇന്നു പരിഗണിക്കും.