സച്ചിനും ഗെലോട്ടിനുമിടയിൽ ‘സ്നേഹത്തിന്റെ കട’ തുറന്ന് രാഹുൽ
Mail This Article
ഉച്ചയ്ക്ക് 2.15. ചുരു ജില്ലയിലെ താരാനഗറിലെ മൈതാനത്തു തടിച്ചുകൂടിയ പതിനായിരങ്ങളെ സാക്ഷിയാക്കി രാഹുൽഗാന്ധി അശോക് ഗെലോട്ടിന്റെയും സച്ചിൻ പൈലറ്റിന്റെയും കൈകൾ പിടിച്ചുയർത്തി. രാജസ്ഥാനിലെ കോൺഗ്രസ് പ്രവർത്തകർ കാത്തിരുന്ന ‘പിക്ചർ പെർഫെക്ട്’ മുഹൂർത്തം. ഗെലോട്ട് പക്ഷം, സച്ചിൻ പൈലറ്റ് പക്ഷം എന്നിങ്ങനെ വിഘടിച്ചുനിന്നവരെ ഇണക്കിച്ചേർത്ത് രാഹുൽഗാന്ധി രാജസ്ഥാനിൽ ‘കോൺഗ്രസ് പരിവാറിന്’ ഇന്നലെ വീണ്ടും തുടക്കമിട്ടു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം രാജസ്ഥാനിലേക്കുള്ള രാഹുലിന്റെ ഗ്രാൻഡ് എൻട്രി കൂടിയായിരുന്നു ഇത്. ഒക്ടോബറിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു ശേഷം രാഹുൽ ഗാന്ധി രാജസ്ഥാനിൽ നടത്തുന്ന ആദ്യ തിരഞ്ഞെടുപ്പ് സമ്മേളനം. ഹൈക്കമാൻഡിന്റെ താൽപര്യത്തിനു വിരുദ്ധമായി നീങ്ങിയ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെതിരെയുള്ള അനിഷ്ടമാണ് രാഹുൽഗാന്ധി രാജസ്ഥാനിൽ വരാത്തതിനു പിന്നിലെന്ന് അഭ്യൂഹം പ്രചരിച്ചിരുന്നു.
കോൺഗ്രസിന് രാജസ്ഥാനിൽ ഭരണത്തുടർച്ചയുണ്ടാകില്ലെന്നറിയാവുന്നതുകൊണ്ടാണ് രാഹുൽഗാന്ധി ഇങ്ങോട്ടേക്കു വരാത്തതെന്ന് ബിജെപി നേതാക്കളും പറഞ്ഞു. ഇതിനെല്ലാമുള്ള മറുപടിയായി താരാനഗറിലെ തിരഞ്ഞെടുപ്പ് സമ്മേളനം. വോട്ടെടുപ്പിന് ദിവസങ്ങൾ മാത്രമുള്ളപ്പോൾ വന്നിട്ടെന്തുകാര്യം എന്ന ചോദ്യത്തിന് ഒരു കോൺഗ്രസ് പ്രവർത്തകൻ തന്ന മറുപടിയിങ്ങനെ. ‘ജബ് ഹീറോ ആയേഗാ, തബ് ഷുരു ഹോഗാ ഫിലിം’ (എപ്പോഴാണോ നായകൻ വരുന്നത്, അപ്പോഴാണ് ശരിക്കും സിനിമ തുടങ്ങുന്നത്.)
∙ നിറഞ്ഞ സദസ്സ്, കയ്യടി
വലിയ സ്പീക്കറുകൾ ഘടിപ്പിച്ച ട്രാക്ടറുകളിൽ തട്ടുപൊളിപ്പൻ തിരഞ്ഞെടുപ്പു ഗാനങ്ങളും മുഴക്കി കർഷകർ രാവിലെ 11ന് തന്നെ താരാനഗറിലെ മൈതാനത്തെത്തിയിരുന്നു. രണ്ടു സ്റ്റേജാണ്. ഒന്ന് പ്രധാന നേതാക്കൾക്ക്. ഇടതുവശത്തു തന്നെയുള്ള രണ്ടാം സ്റ്റേജ് ഉപദേവതകൾക്ക്. ജനക്കൂട്ടത്തിന്റെ ബോറടി മാറ്റാൻ ഉപനേതാക്കൾ ഓരോരുത്തരായി വന്ന തങ്ങളുടെ വിലപ്പെട്ട വാക്കുകൾ വിളമ്പിത്തുടങ്ങി. നാളെ നേരംവെളുക്കുമെന്നു ഞാൻ ചൂണ്ടിക്കാണിക്കാനാഗ്രഹിക്കുകയാണ് ലെവലിലാണ് മിക്കവാറും പ്രസംഗങ്ങളെല്ലാം.
ഒടുവിൽ സമയം ഒന്നേമുക്കാൽ കഴിഞ്ഞപ്പോൾ മൈതാനത്തിനു സമീപം ഹെലികോപ്റ്റർ വന്നിറങ്ങി. അതിൽനിന്ന് രാഹുൽ ഗാന്ധിയും. രാജസ്ഥാനിലെ കോൺഗ്രസ് പ്രവർത്തകർ കാത്തിരുന്ന നിമിഷം. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെയും സച്ചിൻ പൈലറ്റിന്റെയും ലഘുപ്രസംഗത്തിനു ശേഷം രാഹുൽ ഗാന്ധി മൈക്കിനു മുൻപിൽ. ‘മോദി സർക്കാർ അദാനിയെപ്പോലുള്ള കോടീശ്വരന്മാരുടെ കീശയിൽ പണം നിക്ഷേപിക്കുമ്പോൾ രാജസ്ഥാനിലെ കോൺഗ്രസ് സാധാരണക്കാരന്റെ കീശയിലാണ് പണമിടുന്നത്.
കഴിഞ്ഞ തിരഞ്ഞെടുപ്പിനു ശേഷം രാജസ്ഥാനിലും ഛത്തീസ്ഗഡിലും മധ്യപ്രദേശിലും കോൺഗ്രസ് സർക്കാർ ഭരണത്തിലേറി. അവിടുത്ത മൂന്നു മുഖ്യമന്ത്രിമാരോടും അന്നു ഞാൻ പറഞ്ഞത്. നരേന്ദ്ര മോദിയും ബിജെപിയും രാജ്യത്തെ കോടിപതികൾക്ക് എത്ര പണം നൽകിയിട്ടുണ്ടോ അത്രയും പണം നമുക്ക് സാധാരണക്കാരന്റെ പോക്കറ്റിലിടണമെന്നാണ്. അദാനിക്ക് ഒരു രൂപ നൽകിയോ എങ്കിൽ രാജസ്ഥാനിലെ കർഷകനും ഒരു രൂപ നൽകണം.’ അദ്ദേഹം പറഞ്ഞു.
രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ നടപ്പാക്കിയതും പ്രഖ്യാപിച്ചതുമായ ക്ഷേമപദ്ധതികളെക്കുറിച്ചു വിവരിച്ചാണ് അദ്ദേഹം പ്രസംഗമവസാനിപ്പിച്ചത്. നേതാക്കളെല്ലാം വേദിയിൽനിന്നു തിരിച്ചിറങ്ങാൻ നിമിഷം പിന്നിൽ നിന്ന് ഗെലോട്ടിന്റെ കൈപിടിച്ച് വീണ്ടും രാഹുൽഗാന്ധി വേദിയിലേക്കെത്തി. സച്ചിൻ പൈലറ്റിന്റെയും ഗെലോട്ടിന്റെയും കൈകൾ ചേർത്തുപിടിച്ചു മുകളിലേക്കുയർത്തി. സദസ്സിൽ നിറഞ്ഞ കയ്യടി
∙ ഒടുവിൽ മഞ്ഞുരുക്കം
അഞ്ചുവർഷത്തോളം നീണ്ടുനിന്ന ഗെലോട്ട്– സച്ചിൻ പോര്, ബിജെപിക്കെതിരെ ഒറ്റക്കെട്ടായുള്ള തിരഞ്ഞെടുപ്പു പോരിനു വഴി മാറുന്ന കാഴ്ചയായിരുന്നു ഇന്നലെ താരാനഗറിൽ. കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ 14ന് ജയ്പുരിൽ ഗെലോട്ടുമായും സച്ചിൻ പൈലറ്റുമായും ചർച്ച നടത്തിയിരുന്നു. ഒന്നിച്ചു പോകേണ്ടതിന്റെ ആവശ്യകതയും ഇക്കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിലപാടും ഇരുവരോടും അദ്ദേഹം വ്യക്തമാക്കി. തുടർന്നുള്ള ദിവസങ്ങളിലും സച്ചിനും ഗെലോട്ടും ഒന്നിച്ചുതന്നെ വേദികളിലെത്തുമെന്നാണ് കരുതപ്പെടുന്നത്. ഇന്നലെ താരാനഗറിലെ പ്രചാരണത്തിനു ശേഷം ഹനുമാൻഗഡ്, ശ്രീ ഗംഗാനഗർ എന്നിവിടങ്ങളിലും രാഹുൽഗാന്ധി പ്രചാരണം നടത്തി. 19 ,21, 22 തീയതികളിലും രാജസ്ഥാനിലെ വിവിധ സ്ഥലങ്ങളിൽ രാഹുൽഗാന്ധി പ്രചാരണം നടത്തും.