സുബ്രത റോയിയുടെ സംസ്കാരം ലക്നൗവിൽ
Mail This Article
മുംബൈ ∙ സഹാറ ഇന്ത്യ പരിവാർ സ്ഥാപകനും ചെയർമാനുമായ സുബ്രത റോയിയുടെ (75) സംസ്കാരം ഇന്നു യുപിയിലെ ലക്നൗവിൽ നടത്തും. സഹോദരിക്കായി സുബ്രത റോയ് ലക്നൗവിൽ നിർമിച്ച ശ്മശാനത്തിലാണ് സംസ്കാരം. വ്യവസായ, രാഷ്ട്രീയ, ചലച്ചിത്ര, കായിക രംഗത്തെ ഒട്ടേറെപ്പേർ ആദരാഞ്ജലിയർപ്പിച്ചു. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവരടക്കം പ്രമുഖർ അനുശോചിച്ചു.
റിയൽ എസ്റ്റേറ്റ്, ധനകാര്യം, റീട്ടെയ്ൽ, ഹോസ്പിറ്റാലിറ്റി, മാധ്യമപ്രവർത്തനം, വ്യോമയാനം എന്നിവയുൾപ്പെടെ ഒട്ടേറെ മേഖലകളിൽ വ്യാപിച്ചുകിടക്കുന്ന സഹാറ ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനായ റോയ് ചൊവ്വാഴ്ച മുംബൈയിലെ ആശുപത്രിയിലാണ് അന്തരിച്ചത്. ദീർഘനാളായി രോഗബാധിതനായിരുന്നു. മുംബൈയിൽ നിന്ന് ലക്നൗവിൽ എത്തിച്ച മൃതദേഹത്തെ ഭാര്യ സ്വപ്ന, മക്കളായ സുശാന്തോ, സീമന്തോ എന്നിവർ അനുഗമിച്ചു.
1948 ജൂൺ 10ന് ബിഹാറിൽ ജനിച്ച റോയ് 1976ൽ സഹാറ ഫിനാൻസ് കമ്പനി ഏറ്റെടുത്താണ് ബിസിനസ് രംഗത്തേക്കു ചുവടുവച്ചത്. 1978ൽ കമ്പനിയുടെ പേര് സഹാറ ഇന്ത്യ പരിവാർ എന്നു മാറ്റി പ്രവർത്തനം വ്യാപിപ്പിച്ചു. 1992ൽ രാഷ്ട്രീയ സഹാറ എന്ന പേരിൽ ഹിന്ദി ഭാഷാ ദിനപത്രവും സഹാറ ടിവി ചാനലും ആരംഭിച്ചു. ലണ്ടനിലെ ഗ്രോസ്‌വെനർ ഹൗസ് ഹോട്ടൽ, ന്യൂയോർക്ക് സിറ്റിയിലെ പ്ലാസ ഹോട്ടൽ എന്നിവ ഏറ്റെടുത്തതോടെ രാജ്യാന്തര ശ്രദ്ധ നേടി. റെയിൽവേ കഴിഞ്ഞാൽ ഏറ്റവുമധികം ജീവനക്കാരുള്ള ഇന്ത്യയിലെ രണ്ടാമത്തെ വലിയ തൊഴിൽദാതാവെന്നു സഹാറയെ ടൈം മാഗസിൻ പ്രശംസിച്ചിരുന്നു.
സെബിയിൽ (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ്) റജിസ്റ്റർ ചെയ്യാത്ത കടപ്പത്രങ്ങളിലൂടെ ലക്ഷക്കണക്കിനു നിക്ഷേപകരെ വഞ്ചിച്ചെന്ന കേസിൽ 2010ൽ അന്വേഷണം ആരംഭിച്ചതോടെ പ്രതിസന്ധിയിലായി. ഇത്തരത്തിൽ സമാഹരിച്ച 24,000 കോടി രൂപ നിക്ഷേപകർക്കു തിരികെ നൽകാൻ 2012ൽ സുപ്രീം കോടതി വിധിച്ചു. കോടതിയിൽ ഹാജരാകാതിരുന്നതിനെ തുടർന്ന് 2014ൽ സുപ്രീം കോടതി ഉത്തരവ് പ്രകാരം തടവിലായി. തിഹാർ ജയിലിൽ നിന്ന് 2016ൽ പരോളിൽ പുറത്തിറങ്ങിയെങ്കിലും സഹാറ ഗ്രൂപ്പിനെ പുനരുജ്ജീവിപ്പിക്കുന്നതിൽ പരാജയപ്പെട്ടു.