‘ഇന്നു രാവിലെയോടെ രക്ഷാപാതയൊരുക്കാൻ കഴിയുമെന്നു പ്രതീക്ഷ’: ദൗത്യസംഘത്തലവൻ
Mail This Article
ഉത്തരകാശി ∙ അവശിഷ്ടങ്ങൾ തുരന്ന് ഇന്നു രാവിലെയോടെ രക്ഷാകുഴൽ തൊഴിലാളികൾ കഴിയുന്ന ഭാഗത്ത് എത്തിക്കാനാകുമെന്നാണു പ്രതീക്ഷയെന്ന് ദൗത്യത്തിനു നേതൃത്വം നൽകുന്ന ദേശീയപാതാ അടിസ്ഥാനസൗകര്യ വികസന കോർപറേഷൻ (എൻഎച്ച്ഐഡിസിഎൽ) ഡയറക്ടർ അൻഷു മനീഷ് ഖൽകോ പറഞ്ഞു.
രക്ഷാദൗത്യത്തെക്കുറിച്ച് അദ്ദേഹം സംസാരിക്കുന്നു:
∙ നിലവിലെ സ്ഥിതി എന്താണ്?
ഞങ്ങൾ പരമാവധി ശ്രമിക്കുകയാണ്. പുറത്തെത്തിച്ചാൽ അവരുടെ ആരോഗ്യസുരക്ഷയ്ക്കാവശ്യമായ എല്ലാ സജ്ജീകരണങ്ങളും ചെയ്തിട്ടുണ്ട്. അതിനുള്ള മോക്ക് ഡ്രില്ലും നടത്തി.
∙ അപകടം നടന്ന് ഒരാഴ്ചയാകുന്നു. ദൗത്യം വൈകുകയാണോ?
ആകെ 10 കുഴലുകൾ വേണം. കുഴലുകൾ തമ്മിൽ വെൽഡ് ചെയ്യാൻ സമയമേറെയെടുക്കുന്നുണ്ട്. 5 പേർ ചേർന്നാണു വെൽഡ് ചെയ്യുന്നത്. യുഎസ് നിർമിത യന്ത്രം പൂർണശേഷിയോടെ ഉപയോഗിക്കാനാവുന്നില്ല. അങ്ങനെ ചെയ്താൽ പ്രകമ്പനം മൂലം വീണ്ടും മണ്ണിടിച്ചിലിനു സാധ്യതയുണ്ട്. ഡീസലിലാണു യന്ത്രം പ്രവർത്തിക്കുന്നത്. അതിന്റെ പുക പുറത്തേക്കു വിടാനുള്ള വെന്റിലേഷൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.
∙ രക്ഷാദൗത്യത്തിനു രാജ്യാന്തര സഹായം തേടിയിട്ടുണ്ടോ?
തായ്‌ലൻഡിലെ ഗുഹയിൽ അകപ്പെട്ട കുട്ടികളെ രക്ഷിച്ച സംഘവുമായും രാജ്യാന്തര ടണൽ അസോസിയേഷനിലെ അധികൃതരുമായും ബന്ധപ്പെട്ടിട്ടുണ്ട്.