അഞ്ചിൽ ഒരാൾക്ക് ഏകാന്തത, ഒറ്റപ്പെട്ടുള്ള ജീവിതം വലിയ ആരോഗ്യപ്രശ്നം; പരിഹാരത്തിന് ലോകാരോഗ്യ സംഘടന
Mail This Article
ന്യൂഡൽഹി ∙ ആളുകൾക്കിടയിൽ സാമൂഹിക അടുപ്പം വർധിപ്പിക്കാനുള്ള വഴികൾക്കു രൂപം നൽകാനുള്ള നടപടികൾക്കായി ലോകാരോഗ്യ സംഘടന പുതിയ കമ്മിഷനു രൂപം നൽകി. സാമൂഹിക ബന്ധങ്ങളില്ലാതെ, ഒറ്റപ്പെട്ടുള്ള ജീവിതമാണ് ആളുകൾ അനുഭവിക്കുന്ന ഏറ്റവും വലിയ ആരോഗ്യപ്രശ്നമെന്ന തിരിച്ചറിവിലാണു നടപടി. യുഎസ് സർജൻ ജനറൽ ഡോ. വിവേക് മൂർത്തി അധ്യക്ഷനായ 11 അംഗ കമ്മിഷന്റെ ആദ്യ യോഗം ഡിസംബർ 8നു നടക്കും. 3 വർഷത്തേക്കാണു സമിതിയുടെ പ്രവർത്തനം.
സാമൂഹിക അടുപ്പം കൂട്ടുന്നതിനുള്ള അജൻഡ ആഗോളതലത്തിൽ നിശ്ചയിക്കുകയെന്നതാണു കമ്മിഷന്റെ പ്രധാന ചുമതല. കോവിഡ് സൃഷ്ടിച്ച പ്രശ്നങ്ങളും കമ്മിഷൻ പരിശോധനാവിധേയമാക്കും.
പ്രായം ചെന്ന അഞ്ചിൽ ഒരാളെ ഏകാന്തത അലട്ടുന്നുവെന്നാണു ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. കൗമാരക്കാർക്കിടയിൽ 5–15 പേരും ഏകാന്തതയുടെ പ്രശ്നം അനുഭവിക്കുന്നു. ഏകാന്തവാസം വിഷാദത്തിലേക്കു നയിക്കുമെന്നും ഹൃദ്രോഗ സാധ്യത 30% വരെ വർധിപ്പിക്കാമെന്നും പഠനങ്ങളിലുണ്ട്.
മതിയായ സാമൂഹിക ബന്ധം ഇല്ലാതെ ജീവിക്കുന്നവർക്കിടയിൽ പക്ഷാഘാതം, ഉത്കണ്ഠ, മറവിരോഗം, വിഷാദം, ആത്മഹത്യാപ്രവണത എന്നിവയ്ക്കുള്ള സാധ്യത കൂടുതലാണെന്നു ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനം വ്യക്തമാക്കി.