കശ്മീരിൽ രണ്ടിടത്ത് ഏറ്റുമുട്ടൽ, ആറ് ഭീകരരെ വധിച്ചു; ആയുധങ്ങൾ പിടിച്ചു
Mail This Article
ശ്രീനഗർ ∙ കശ്മീരിൽ രണ്ടിടത്തായി നടന്ന ഏറ്റുമുട്ടലിൽ 6 ഭീകരരെ സുരക്ഷാസേന വധിച്ചു. തെക്കൻ കശ്മീരിലെ കുൽഗാം ജില്ലയിൽ 5 ലഷ്കറെ തയിബ ഭീകരരെ 18 മണിക്കൂർ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് വധിച്ചത്. രജൗറി ജില്ലയിൽ നടന്ന രണ്ടാമത്തെ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. രണ്ടിടത്തുനിന്നും എകെ 47 തോക്ക്, ഗ്രനേഡുകൾ തുടങ്ങിയവ കണ്ടെടുത്തു.
വ്യാഴാഴ്ച ഉച്ചയോടെയാണ് കുൽഗാമിലെ സാമ്നു ഗ്രാമത്തിൽ ഭീകരർ ഒളിച്ചിരിക്കുന്ന വിവരമറിഞ്ഞെത്തിയ സുരക്ഷാ സേന പ്രദേശം വളഞ്ഞത്. ഒരു വീട്ടിനുള്ളിൽ ഒളിച്ച ഭീകരർ അവിടെ നിന്ന് വെടിയുതിർത്തു. സുരക്ഷാ സേന തിരിച്ചുവെടിവച്ചതോടെ ഭീകരർ ഒളിച്ചിരുന്ന കെട്ടിടത്തിന് തീപിടിച്ചു.
സമീർ അഹമ്മദ് ഷെയ്ഖ്, യാസിർ ബിലാൽ ബട്ട്, ഡാനിഷ് അഹമ്മദ് തോക്കാർ, ഹൻസുല്ല യാക്കൂബ് ഷാ, ഉബൈദ് അഹമ്മദ് പാഡർ എന്നിവരാണ് കൊല്ലപ്പെട്ടത്. അടുത്തിടെ കശ്മീരിൽ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ നടന്ന ഭീകരാക്രമണങ്ങളിൽ പങ്കെടുത്തവരാണ് ഇവരെന്ന് ഐജി വി.കെ.ബിർദി അറിയിച്ചു.
രജൗറി ജില്ലയിലെ ബുധ്ഹൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഏറ്റുമുട്ടലുണ്ടായത്. വിവരം ലഭിച്ചതിനെ തുടർന്ന് എത്തിയ സുരക്ഷാസേന തിരച്ചിൽ നടത്തുന്നതിനിടെ ഒരു വീടിനുള്ളിൽ നിന്ന് വെടിവയ്പുണ്ടായി. തുടർന്നാണ് ഏറ്റുമുട്ടലിൽ ഭീകരനെ വധിച്ചത്.