ADVERTISEMENT

ന്യൂഡൽഹി / ഗാസ ∙ ഹമാസ്– ഇസ്രയേൽ സംഘർഷത്തിൽ സാധാരണക്കാർ കൊല്ലപ്പെടുന്നതിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു. ചർച്ചയിലൂടെയാണ് പ്രശ്നം പരിഹരിക്കേണ്ടതെന്ന് ‘വോയ്സ് ഓഫ് ഗ്ലോബൽ സൗത്ത്’ ഉച്ചകോടിയിൽ അദ്ദേഹം പറഞ്ഞു. 

അതിനിടെ, ഗാസ പട്ടിണിയിലേക്കാണെന്നു യുഎൻ മുന്നറിയിപ്പു നൽകി. ഇന്ധനമില്ലാതെ ജലശുദ്ധീകരണശാലകളുടെയും മാലിന്യസംസ്കരണകേന്ദ്രങ്ങളുടെയും പ്രവർത്തനം നിലച്ചത് പകർച്ചവ്യാധികൾക്കു കാരണമാകുന്നു. 70,000 പേർക്കു കടുത്ത ശ്വാസകോശ പ്രശ്നങ്ങളും അൽ ഷിഫാ ആശുപത്രിയിലെ 36 നവജാത ശിശുക്കൾ ഉൾപ്പെടെ 44,000 പേർക്കു വയറിളക്കവും റിപ്പോർട്ട് ചെയ്തു. 154 അഭയാർഥികേന്ദ്രങ്ങളിലായി 8.13 ലക്ഷം ജനങ്ങൾ തിങ്ങിപ്പാർക്കുന്നതു പകർച്ചവ്യാധികൾക്കു വഴിയൊരുക്കുന്നു. ഇന്റർനെറ്റും ഫോണുമില്ലാതെ, പുറംലോകവുമായുള്ള ബന്ധവും ഏറക്കുറെ അറ്റു.

ഇന്ധനം, ഭക്ഷണം, വെള്ളം എന്നിവ ആയുധങ്ങളായി ഉപയോഗിക്കപ്പെടുന്ന യുദ്ധമാണിതെന്നു യുഎൻ അഭയാർഥി ഏജൻസി വക്താവ് ജൂലിയറ്റ് ടൗമ പറഞ്ഞു. ഗാസയിൽ ഇതുവരെ 11,470 പേർ കൊല്ലപ്പെട്ടതായി പലസ്തീൻ ആരോഗ്യവകുപ്പ് അറിയിച്ചു. 4700 പേരും കുട്ടികളാണ്. 45% വീടുകളും തകർക്കപ്പെട്ടതായാണ് യുഎന്നിന്റെ കണക്ക്. കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിലും മറ്റും കുടുങ്ങി 2700 പേരെ കാണാതായിട്ടുമുണ്ട്. 

ഹമാസ് ബന്ദികളാക്കിയിരുന്ന 2 സ്ത്രീകളുടെ മൃതദേഹങ്ങൾ അൽ ഷിഫ ആശുപത്രിക്കടുത്തു കണ്ടെത്തി. ഇവരിലൊരാൾ സൈനിക ഉദ്യോഗസ്ഥയാണ്. ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ ബന്ദികളും കൊല്ലപ്പെടുന്നതായി ഹമാസ് നേരത്തേ പറഞ്ഞിരുന്നു. 240 ബന്ദികളിൽ 4 പേരുടെ മരണം സ്ഥിരീകരിച്ചു. ബന്ദികളുടെ ബന്ധുക്കളായ 12 പേരുമായി ഫ്രാൻസിസ് മാർപ്പാപ്പ വരുന്ന ബുധനാഴ്ച കൂടിക്കാഴ്ച നടത്തും.

സ്വയംപര്യാപ്തതയ്ക്ക് വികസ്വര രാജ്യങ്ങൾ സജ്ജം: മോദി

ന്യൂഡൽഹി ∙ സ്വയംപര്യാപ്തതയ്ക്കും ആഗോള വിഷയങ്ങളിൽ ശക്തമായ പങ്കാളിത്തത്തിനും വികസ്വര രാജ്യങ്ങൾ തയാറാണെന്ന് ‘വോയ്സ് ഓഫ് ഗ്ലോബൽ സൗത്ത്’ ഉച്ചകോടി പ്രഖ്യാപിച്ചു. വികസ്വര രാജ്യങ്ങളുടെ ശബ്ദം ലോകം ശ്രദ്ധിക്കുന്നുവെന്ന് ഉദ്ഘാടന, സമാപന സമ്മേളനങ്ങളിൽ അധ്യക്ഷത വഹിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 130 വികസ്വര രാജ്യങ്ങളുടെ പ്രതിനിധികളാണ് വെർച്വലായുള്ള ഉച്ചകോടിയിൽ പങ്കെടുത്തത്. ഏഷ്യ, ആഫ്രിക്ക, ലാറ്റിനമേരിക്ക ഭൂഖണ്ഡങ്ങളിലെ വികസ്വര രാജ്യങ്ങളെയാണ് ‘ഗ്ലോബൽ സൗത്ത്’ ആയി കണക്കാക്കുന്നത്. ഇക്കഴിഞ്ഞ ജി20 ഉച്ചകോടിയിൽ വികസ്വര രാജ്യങ്ങളുടെ പല ആവശ്യങ്ങളും പരിഗണിക്കപ്പെട്ടെന്നും പരിഹാരമുണ്ടാകുമെന്നും മോദി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. രാജ്യങ്ങൾ കടക്കെണിയിൽപെടാത്ത വിധം സാമ്പത്തിക, സാങ്കേതിക സഹായങ്ങൾ നൽകാൻ വികസിത രാജ്യങ്ങൾ സന്നദ്ധമായിട്ടുണ്ട്. സാങ്കേതികവിദ്യയുടെ വളർച്ച വികസിത, വികസ്വര രാജ്യങ്ങൾ തമ്മിലുള്ള അകലം കൂട്ടാനല്ല, ഒരുമിച്ചുള്ള വളർച്ചയ്ക്കായി ഉപയോഗപ്പെടുത്തുക എന്നതാണ് നയമെന്നും അദ്ദേഹം പറഞ്ഞു.

English Summary:

Hamas-Israel conflict: Killing of civilians condemnable: says Narendra Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com