ADVERTISEMENT

ന്യൂഡൽഹി ∙ ജവാഹർലാൽ നെഹ്റുവിനു നൽകിയ പൂമാലയുടെ പേരിൽ ‘നെഹ്റുവിന്റെ വധു’വെന്നു ഗോത്രാചാരം മുദ്ര കുത്തിയ ജാർഖണ്ഡ് സ്വദേശി ബുധിനി മെജാൻ (85) അന്തരിച്ചു. 1959 ൽ ജാർഖണ്ഡിലെ പാഞ്ചേത്ത് അണക്കെട്ടിന്റെ ഉദ്ഘാടനത്തിന് എത്തിയ അന്നത്തെ പ്രധാനമന്ത്രി നെഹ്റുവിനു മാല നൽകിയതിന്റെ പേരിൽ ഊരുവിലക്കു നേരിടുമ്പോൾ ബുധിനിക്കു 15 വയസ്സായിരുന്നു. ‘ബുധിനി’എന്ന നോവലിലൂടെ ആ ജീവിതം സാറാ ജോസഫ് എഴുതിയിട്ടുണ്ട്.

നെഹ്റുവിനെ പൂമാല നൽകി സ്വീകരിക്കാൻ ദാമോദർവാലി കോർപറേഷൻ അധികൃതരാണു ബുധിനിയെ ചുമതലപ്പെടുത്തിയത്. അവിടെ നിർമാണത്തൊഴിലാളി കൂടിയായിരുന്നു ബുധിനി. തനിക്കു ലഭിച്ച മാല സ്നേഹപൂർവം ബുധിനിക്കു തിരികെയിട്ടു കൊടുത്ത നെഹ്റു, അണക്കെട്ടിനുവേണ്ടി അധ്വാനിച്ച ഗോത്രജനതയുടെ പ്രതിനിധിയായി ബുധിനിയെക്കൂടി നിർത്തി അണക്കെട്ടു രാജ്യത്തിനു സമർപ്പിച്ചു. എന്നാൽ, ഗ്രാമത്തിൽ മടങ്ങിയെത്തിയ ബുധിനിയെ സന്താൾ ഗോത്രസമൂഹം തിരസ്കരിച്ചു.

ഗോത്രത്തിനുപുറത്തുനിന്നുള്ളയാൾ മാലയിട്ടതിന്റെ പേരിൽ ഊരുവിലക്കു നേരിട്ടതോടെ ദുരവസ്ഥയിലായ ബുധിനിക്കു കൂട്ടായി പിന്നീടു സുധീർ ദത്തയെന്ന ബംഗാളി യുവാവെത്തി. അവർക്ക് രത്നാദത്തയെന്ന മകൾ പിറന്നു.അസൻസോൾ എംപി ആനന്ദ ഗോപാൽ മുഖോപാധ്യായയിൽനിന്നു ബുധിനിയുടെ കഥയറിഞ്ഞ രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരിക്കേ അവർക്ക് ദാമോദർവാലി കോർപറേഷനിൽ ജോലി സ്ഥിരപ്പെടുത്തി നൽകി. ഭർത്താവു നേരത്തേ മരിച്ച ബുധിനി പാഞ്ചേത്തിൽ തന്നെ ജീവിതം തുടർന്നു. വെള്ളിയാഴ്ച വൈകിട്ടോടെയായിരുന്നു അന്ത്യം. പഞ്ചായത്തിന്റെയും ദാമോദർവാലി കോർപറേഷന്റെയും നേതൃത്വത്തിലാണ് അന്ത്യകർമങ്ങൾ ചെയ്തത്.

English Summary:

Budhni Mejhan passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com