ഒറ്റ ലക്ഷ്യം, ദൗത്യസംഘം പരീക്ഷിക്കുന്നത് 5 വഴികൾ; തൊഴിലാളികൾക്ക് കാത്തിരിക്കണമെന്ന് സന്ദേശം
Mail This Article
സിൽക്യാര തുരങ്കത്തിലകപ്പെട്ടവരിലേക്കെത്താൻ ദൗത്യസംഘം പരീക്ഷിക്കുന്ന 5 വഴികൾ:
1. മുകളിൽനിന്നു മല തുരന്നു തുരങ്കത്തിനുള്ളിൽ കടക്കുക. ഇതാണ് ഇപ്പോൾ സജീവമായി പരിഗണിക്കുന്ന മാർഗം.
ഇതിനായി മലമുകളിൽനിന്നു മരങ്ങൾ നീക്കം ചെയ്തു തുടങ്ങി. 120 മീറ്റർ താഴേക്കു തുരന്നെത്താൻ ചുരുങ്ങിയത് 3 – 4 ദിവസമെടുക്കും. കിണർ പോലെ മല നേരെ കുഴിക്കുകയല്ല ചെയ്യുക. 45 ഡിഗ്രി ചെരിവിലാണു കുഴിക്കുക.
തുരങ്കത്തിന്റെ മേൽക്കൂരയിൽ ദ്വാരമുണ്ടാക്കി താഴേക്കിറങ്ങുന്ന രക്ഷാപ്രവർത്തകർ സ്വന്തം ശരീരത്തിൽ തൊഴിലാളിയെ ബെൽറ്റ് കൊണ്ട് മുറുക്കും. പുറത്തു നിൽക്കുന്നവർ, കയർ ഉപയോഗിച്ച് ഇവരെ വലിച്ചു പുറത്തെത്തിക്കും.
2. ഇന്നലെ വരെ ഉപയോഗിച്ച വഴി. തുരങ്കത്തിൽ അടിഞ്ഞ അവശിഷ്ടങ്ങൾക്കിടയിലൂടെ 10 കുഴലുകൾ ഒന്നിനു പിറകെ ഒന്നായി വെൽഡ് ചെയ്ത് ചേർത്ത് തൊഴിലാളികളിലേക്കെത്തുക.
ഡ്രില്ലിങ് മെഷീൻ ഉപയോഗിക്കുന്നതിനിടെ രക്ഷാപ്രവർത്തകർ നിൽക്കുന്ന ഭാഗത്ത് മണ്ണിടിച്ചിലുണ്ടായതിനാൽ ഈ മാർഗം ഏറക്കുറെ ഉപേക്ഷിച്ചു. രക്ഷാപ്രവർത്തകർ നിൽക്കുന്ന ഭാഗത്ത് തുരങ്കം ശക്തിപ്പെടുത്തിയ ശേഷമേ ഡ്രില്ലിങ് പുനരാരംഭിക്കൂ.
3. തുരങ്ക വാതിലിന്റെ എതിർദിശയിലും തുരങ്ക നിർമാണം നിലവിൽ നടക്കുന്നുണ്ട്. അതു വേഗത്തിലാക്കി തൊഴിലാളികളിലേക്കെത്തുക. ഇതിനു സമയമേറെയെടുക്കും.
4, 5 വഴികൾ: തുരങ്കത്തിന് ഇരു വശത്തും സമാന്തരമായി മണ്ണു നീക്കി മുന്നോട്ടു പോവുക. തുടർന്ന് 90 ഡിഗ്രി തിരിഞ്ഞു തുരങ്കത്തിലെത്തുക. മറ്റു വഴികൾ അടഞ്ഞാലേ ഇതുപയോഗിക്കൂ.
കാത്തിരിക്കണമെന്ന് സന്ദേശം നൽകി
കുഴലിലൂടെ ഇന്നലെ രക്ഷിക്കാനാകുമെന്നാണു മുൻപ് നൽകിയ സന്ദേശമെങ്കിലും ഇനിയും ഏതാനും ദിവസം കൂടി കാത്തിരിക്കേണ്ടി വരുമെന്ന സങ്കടവാർത്ത തൊഴിലാളികളെ ഇന്നലെ വൈകിട്ട് ദൗത്യസംഘം അറിയിച്ചു. ഇന്നലെ പുലർച്ചെയോടെ തുരങ്കത്തിൽ രക്ഷാപ്രവർത്തകർ നിൽക്കുന്ന ഭാഗത്താണു മണ്ണിടിച്ചിലുണ്ടായത്. ഇതോടെ ഡ്രില്ലിങ് മെഷീന്റെ പ്രവർത്തനം നിർത്തിവച്ചു.
തുരങ്കം ബലപ്പെടുത്തിയ ശേഷം മാത്രമേ കുഴൽ വഴിയുള്ള രക്ഷാദൗത്യം ഇനി പുനരാരംഭിക്കാനാവൂ. ഈ സാഹചര്യത്തിലാണ് മലതുരന്നിറങ്ങാനുള്ള പദ്ധതി പരീക്ഷിക്കുന്നത്.
മുൻപും മണ്ണിടിഞ്ഞത് അവഗണിച്ചു
ഉത്തരകാശി ∙ മുൻപു പലതവണ തുരങ്കത്തിൽ മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ടെന്നും അവയെല്ലാം അവഗണിച്ചു ജോലി ചെയ്യാൻ സ്വകാര്യ നിർമാണ കമ്പനി തങ്ങളെ നിർബന്ധിക്കുകയായിരുന്നുവെന്നും അപകടത്തിൽപ്പെട്ടവരുടെ സഹതൊഴിലാളികൾ പറഞ്ഞു. സിൽക്യാരയിലും എതിർവശത്തുള്ള ബാർകോട്ടിലും നിന്ന് ഒരേ സമയം തുരങ്കം നിർമിച്ച് ഒരുസ്ഥലത്ത് കൂട്ടിയോജിക്കും വിധമായിരുന്നു പ്രവർത്തനം.
ഏതെങ്കിലും ഒരു വശത്ത് മണ്ണിടിഞ്ഞാൽ എതിർ ദിശയിലൂടെ പുറത്തെത്താനാകുമെന്നാണ് കമ്പനി അധികൃതർ തൊഴിലാളികളോടു പറഞ്ഞിരുന്നത്. എന്നാൽ, ബാർകോട്ട് ഭാഗത്തു നിന്നുള്ള തുരങ്കം വന്നുചേരും മുൻപ് സിൽക്യാര ഭാഗത്ത് മണ്ണിടിഞ്ഞു.
‘തേടുന്നു, പലവഴികൾ’
രക്ഷാദൗത്യത്തിന്റെ മേൽനോട്ടം പ്രധാനമന്ത്രിയുടെ ഓഫിസ് ഏറ്റെടുത്തതിനു പിന്നാലെ ഉത്തരകാശിയിലെത്തിയ പ്രധാനമന്ത്രിയുടെ മുൻ ഉപദേഷ്ടാവ് ഭാസ്കർ ഖുൽബെ ‘മനോരമ’യോട്: ‘‘ കുഴൽമാർഗം പൂർണമായി ഉപേക്ഷിച്ചിട്ടില്ല. തുരങ്കം ബലപ്പെടുത്തിയ ശേഷമേ അതു പുനരാരംഭിക്കാനാകൂ. അതുമാത്രം പോരെന്ന വിദഗ്ധാഭിപ്രായമുയർന്നതിനാൽ അതടക്കം 5 വഴികൾക്കു രൂപം നൽകിയിട്ടുണ്ട്. 3–4 ദിവസത്തിനകം തുരങ്കത്തിലേക്കു തുരന്നെത്താമെന്നാണു പ്രതീക്ഷിക്കുന്നത്. കാപ്സ്യൂൾ ഗുളിക പോലുള്ള കുഴിയല്ല എടുക്കുക. മലയിൽ അതികഠിനമായ പാറകളും മറ്റുമുണ്ടാകും. തുരങ്കത്തിൽ സ്റ്റീൽ ഉള്ള ഭാഗത്തു ദ്വാരമുണ്ടാക്കാൻ യന്ത്രങ്ങൾക്കു സാധിക്കില്ല. അവയെല്ലാം ഒഴിവാക്കി വളഞ്ഞും തിരിഞ്ഞുമാകും താഴേക്കിറങ്ങുക.