അദാനിക്കെതിരെ അന്വേഷണം ഇഴയുന്നു; ഇടപെടാൻ സുപ്രീംകോടതിയിൽ ഹർജി
Mail This Article
ന്യൂഡൽഹി ∙ അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട അന്വേഷണം സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) നിശ്ചിത സമയത്തിൽ പൂർത്തിയാക്കിയില്ലെന്നും ഈ സാഹചര്യത്തിൽ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു സുപ്രീം കോടതിയിൽ ഹർജി. ഹിൻഡൻബർഗ് വിഷയത്തിലെ പരാതിക്കാരിൽ ഒരാളായ അഭിഭാഷകൻ വിശാൽ തിവാരിയാണു സെബിക്കെതിരെ കോടതിയെ സമീപിച്ചത്.
അദാനി ഗ്രൂപ്പിനെതിരെ യുഎസ് ആസ്ഥാനമായ ഹിൻഡൻബർഗ് കഴിഞ്ഞ ജനുവരിയിലാണു റിപ്പോർട്ട് പുറത്തുവിട്ടത്. തുടർന്നു നൽകിയ ഹർജികളിലാണു സെബിയോട് അന്വേഷണം നടത്താൻ സുപ്രീംകോടതി ഉത്തരവിട്ടത്. ഓഗസ്റ്റ് 14ന് ഉള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകണമെന്നായിരുന്നു മേയ് 17ലെ കോടതി ഉത്തരവ്. എന്നാൽ ഇതുവരെ അന്തിമ റിപ്പോർട്ട് സെബി സമർപ്പിച്ചിട്ടില്ലെന്നും ഈ സാഹചര്യത്തിൽ വിശദീകരണം തേടണമെന്നും കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും വിശാൽ തിവാരിയുടെ ഹർജിയിൽ ആവശ്യപ്പെട്ടു. അദാനി ഗ്രൂപ്പിനെതിരെ സമീപകാലത്തു വന്ന ഒസിസിആർപി റിപ്പോർട്ടുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീം കോടതി വിദഗ്ധ സമിതി അന്വേഷണം നടത്താൻ നിർദേശിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വിഷയത്തിൽ അന്വേഷണം പൂർത്തിയാക്കാൻ ഓഗസ്റ്റ് 14ന് സെബി 15 ദിവസം കൂടി സമയം തേടിയിരുന്നു. തങ്ങൾ അന്വേഷിക്കുന്ന 24 കാര്യങ്ങളിൽ 22 എണ്ണത്തിലും അന്വേഷണം പൂർത്തിയായെന്നാണു ഓഗസ്റ്റ് 25ന് കോടതിയിൽ സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ടിൽ സെബി വ്യക്തമാക്കിയിരുന്നത്.