ADVERTISEMENT

ചെന്നൈ ∙ നടി തൃഷയെക്കുറിച്ച് നടൻ മൻസൂർ അലി ഖാൻ നടത്തിയ അശ്ലീല പരാമർശത്തെ അപലപിച്ച് തമിഴ് സിനിമാ ലോകം. അടുത്തിടെ പുറത്തിറങ്ങിയ വിജയ് ചിത്രം ലിയോയുമായി ബന്ധപ്പെട്ടുള്ള അഭിമുഖത്തിലെ പരാമർശമാണ് വിവാദമായത്. തൃഷയാണു നായികയെന്നറിഞ്ഞപ്പോൾ നടിക്കൊപ്പം കിടപ്പറ രംഗങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിക്കുമെന്നായിരുന്നു പ്രതീക്ഷയെന്ന് നടൻ പറഞ്ഞു. 

മുൻ സിനിമകളിൽ പീഡന രംഗങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇപ്പോൾ അവസരം ലഭിക്കാറില്ലെന്നും കൂട്ടിച്ചേർത്തു. ഖുഷ്ബു, റോജ എന്നീ നടിമാരെക്കുറിച്ചും മോശം പരാമർശങ്ങൾ നടത്തി. അനാദരവും അശ്ലീലവും നിറഞ്ഞ പരാമർശങ്ങളെ അപലപിച്ച തൃഷ, മൻസൂറിനൊപ്പം അഭിനയിക്കാൻ സാധിക്കാതിരുന്നത് വലിയ കാര്യമാണെന്നും ഇനിയൊരിക്കലും അതു സംഭവിക്കില്ലെന്ന് ഉറപ്പാക്കുമെന്നും പ്രതികരിച്ചു. 

ലിയോ സംവിധായകൻ ലോകേഷ് കനകരാജ്, നടിയും മന്ത്രിയുമായ റോജ, നടിയും ദേശീയ വനിതാ കമ്മിഷൻ അംഗവുമായ ഖുഷ്ബു സുന്ദർ, ഗായിക ചിന്മയി, നടി മാളവിക മോഹനൻ തുടങ്ങിയവർ പരാമർശത്തെ എതിർത്തു രംഗത്തെത്തി. വിഷയം വനിതാ കമ്മിഷന്റെ ശ്രദ്ധയിൽപ്പെടുത്തിയതായും നടപടി എടുക്കുമെന്നും ഖുഷ്ബു പറഞ്ഞു.  മൻസൂർ പരസ്യമായി മാപ്പ് പറയണമെന്ന് താര സംഘടനയായ നടികർ സംഘം ആവശ്യപ്പെട്ടു. നടന്റെ അംഗത്വം സസ്പെൻഡ് ചെയ്യുന്നത് ആലോചിക്കുമെന്നും നടിമാർക്കു പൂർണ പിന്തുണ നൽകുമെന്നും പ്രസിഡന്റ് എം.നാസർ പറഞ്ഞു.

എന്നാൽ, താൻ തമാശയായി പറഞ്ഞ കാര്യങ്ങളിലെ ചില ഭാഗങ്ങൾ അടർത്തിയെടുത്ത് വിവാദം സൃഷ്ടിച്ചതാണെന്ന് മൻസൂർ അലിഖാൻ പറഞ്ഞു. മുൻ സിനിമകളിലേതുപോലെ ലിയോയിൽ നായികയോടൊപ്പം അഭിനയിക്കാൻ അവസരം ലഭിക്കാത്തതിന്റെ അതൃപ്തി തമാശയായി അവതരിപ്പിച്ചതാണെന്നും പറഞ്ഞു.

English Summary:

Obscene reference to Trisha; Tamil film world against the actor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com