ADVERTISEMENT

∙ കേരളത്തിൽനിന്നു കയറ്റി വിടുന്ന മംഗള അടയ്ക്കകളുടെ ഭൂരിഭാഗവും മംഗളകരമായി അവസാനിക്കുന്നത് രാജസ്ഥാനിലെ വായകളിലാണെന്നാണു തോന്നുന്നത്. കാരണം പാർട്ടി ഏതായാലും മിക്കവാറുമെല്ലാ പ്രവർത്തകർക്കുമുണ്ട് പാൻ കഴിക്കുന്ന ശീലം. സർദാർപുരയിലെ കോൺഗ്രസ് തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസ് സമ്മാനിച്ച കാഴ്ചയും മറ്റൊന്നല്ല. പക്ഷേ, വ്യത്യാസം തോന്നിയത് അതു കഴിക്കുന്ന രീതിയിലാണ്. മറ്റു തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസുകളിൽ തിരക്കിട്ട മീറ്റിങ്ങുകൾക്കിടയിലോ ഫോൺ വിളികൾക്കിടയിലോ ആണ് ഈ പാൻ കഴിക്കലെങ്കിൽ, സർദാർപുരയിലെ കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ പാൻ ചവയ്ക്കുന്നതു മാത്രമാണ് ശ്രദ്ധയിൽപെട്ട ഏക പ്രവർത്തനം. വോട്ടെടുപ്പ് അടുത്തതിന്റെ ബദ്ധപ്പാടോ പിരിമുറുക്കമോ ഒന്നും ഇവിടെയില്ല. മൂന്നും കൂട്ടി മുറുക്കും പോലെ ആസ്വാദ്യകരമായ തിരഞ്ഞെടുപ്പ് പ്രവർത്തനം. അതിനു കാരണവുമുണ്ട്. സാക്ഷാൽ അശോക് ഗെലോട്ടാണ് ഇവിടെ കോൺഗ്രസിന്റെ സ്ഥാനാർഥി. ഭൂരിപക്ഷമെത്രയാകുമെന്നേ ചോദ്യത്തിനു സാധ്യതയുള്ളൂ. നാമനിർദേശ പത്രികയും സമർപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസും ഉദ്ഘാടനം ചെയ്തു പോയ ഗെലോട്ട് പിന്നീട് മണ്ഡലത്തിലേക്കു വന്നിട്ടില്ലെന്ന് പ്രവർത്തകരിൽ ഒരാൾ പറഞ്ഞു. തന്റെ തിരഞ്ഞെടുപ്പ് ക്യാംപെയ്നിന്റെ ചുമതല മണ്ഡലത്തിലെ വോട്ടർമാരെയാണത്രെ അദ്ദേഹം ഏൽപിച്ചിരിക്കുന്നത്. നാമനിർദേശ പത്രിക കൊടുത്തുകഴിഞ്ഞാൽ സംസ്ഥാനത്തുടനീളം ഓടിനടന്നു പ്രചാരണം നടത്തുകയും അവസാന നിമിഷം മണ്ഡലത്തിലേക്കെത്തി വൻ ഭൂരിപക്ഷത്തിൽ ജയിക്കുകയും ചെയ്യുന്നതാണ് ഗെലോട്ട് സ്റ്റൈൽ. 1998ലെ ഉപതിരഞ്ഞെടുപ്പടക്കം ഇതേ മണ്ഡലത്തിൽനിന്ന് 5 തവണ ഗെലോട്ട് നിയമസഭയിലേക്കെത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 45,597 വോട്ടായിരുന്നു ഭൂരിപക്ഷം. ഇത്തവണ ആറാം അങ്കമാണ്. ബിജെപിയുടെ ഡോ. മഹേന്ദ്രസിങ് രാത്തോഡ് ആ ണ് പ്രധാന എതിരാളി. 

ഗെലോട്ട് എന്ന ബ്രാൻഡ്

 ∙ ഇന്ത്യ ജനത മോട്ടോർ ബൈക്കുകളിലേക്കു കണ്ണുവച്ചു തുടങ്ങിയ കാലത്താണ് രാജസ്ഥാൻകാരനായ രാഹുൽ ബജാജ് ‘ഹമാരാ ബജാജ്’ പരസ്യവുമായി വരുന്നത്. പരസ്യത്തിൽ സ്കൂട്ടറിന്റെ സവിശേഷതകളൊന്നും കാണിച്ചിരുന്നില്ല. പകരം കുറേ സാധാരണക്കാരുടെ ജീവിതത്തിലെ ചില നിമിഷങ്ങൾ കാണിച്ചു. ഒപ്പം ആ ഇന്ത്യൻ ജീവിതങ്ങളുമായി ബജാജ് സ്കൂട്ടർ എത്രമാത്രം ഇഴ ചേർന്നിരിക്കുന്നു എന്നു പറഞ്ഞു. ‌സ്കൂട്ടറിനെയല്ല, അവനവനെത്തന്നെയാണ് ജനം ‘നമ്മുടെ ബജാജ്’ പരസ്യത്തിൽ കണ്ടത്. രാഷ്ട്രീയത്തിലേക്കു വന്നാൽ ആ ബജാജ് സ്കൂട്ടറിനെപ്പോലെയാണ് അശോക് ഗെലോട്ടും. കാലം കഴിഞ്ഞെന്നു തോന്നുമ്പോഴും പൂർവാധികം ശക്തിയോടെ തിരിച്ചു വരുന്നൊരു ബ്രാൻഡ്. രാജസ്ഥാനിലെ ഭൂരിപക്ഷം സാധാരണക്കാരനും അവനവനെത്തന്നെ അശോക് ഗെലോട്ട് എന്ന ബ്രാൻഡിൽ കാണാൻ സാധിക്കുമെന്നതാണ് പ്രധാന പ്രത്യേകത. വലിയ രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തിലല്ല ജനനം. മാജിക്കുകാരനായ ലക്ഷ്മൺ സിങ് ഗെലോട്ടിന്റെ മകൻ. സമ്പന്നനായിരുന്നില്ല. ആദ്യ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്വന്തം മോട്ടർ സൈക്കിൾ വിൽക്കേണ്ടി വന്നയാൾ. വോട്ട് മേധാവിത്വമുള്ള ജാതിക്കാരനല്ല. ഉദ്യാനപാലകരുടെ സമുദായമായ ‘മാലി’ വിഭാഗക്കാരൻ. വിദേശത്തു പഠിക്കാനായിട്ടില്ല. ഇസ്തിരിയിട്ട ഇംഗ്ലിഷ് വഴങ്ങില്ല. പക്ഷേ, ഏതു ലോഡും വലിക്കും. എത്ര പരുക്കൻ റോഡിലും ചലിക്കും. 100 കിലോമീറ്റർ വേഗം മൂന്നു സെക്കൻഡിൽ എത്തുമോ നാലു സെക്കൻഡിൽ എത്തിക്കുമോ എന്നാണ് പുതുതലമുറയുടെ നോട്ടമെങ്കിൽ സുരക്ഷിതമായി വീട്ടിലെത്തിക്കും എന്നതാണ് ഇവിടെ ഉറപ്പ്. അതുകൊണ്ടു കൂടിയായിരിക്കണം സച്ചിൻ പൈലറ്റിന്റെ അതിവേഗ സ്വപ്നങ്ങളിൽ കയറാതെ കോൺഗ്രസിന്റെ ഭൂരിപക്ഷം എംഎൽഎമാരും ഗെലോട്ടിന്റെ ചേതക്കിൽ തന്നെ ഇരുന്നത്. പെട്രോൾ തീർന്നെന്നും ഷെഡിൽ കയറാൻ സമയമായെന്നും തോന്നിയാൽ ഒരു വശത്തേക്കൊന്നു ചരിച്ച ശേഷം കിക്കറിൽ രണ്ടടി. വണ്ടി റെഡി. അശോക് ഗെലോട്ട് രാജസ്ഥാനിൽ ഇപ്പോൾ ചെയ്യുന്നതും അതാണ്. 

‘രാഹത് ബാബ’ 

∙ ഒട്ടകത്തിനു മൂക്കുത്തി വാങ്ങാനുള്ള ക്ഷേമ പദ്ധതിയൊഴിച്ച് മറ്റെല്ലാം ഗെലോട്ട് ഇത്തവണ ചെയ്തിട്ടുണ്ട്. ‘ആപ് മാംഗ്തേ മാംഗ്തേ ഥക് ജായേംഗേ, ലേകിൻ മേം ദേതേ ദേതേ നഹീം ഥക് ജാവൂംഗാ’ (ചോദിച്ച് ചോദിച്ച് നിങ്ങൾ ക്ഷീണിക്കും. പക്ഷേ, തന്നു തന്ന് ഞാൻ ക്ഷീണിക്കില്ല) എന്നാണ് ഒരു സമ്മേളനത്തിൽ അദ്ദേഹം പ്രസംഗിച്ചത്. അതു ശരിയുമായിരുന്നു. കഴിഞ്ഞ അഞ്ചുവർഷം തലങ്ങും വിലങ്ങും ക്ഷേമം വാരിവിതറുകയായിരുന്നു ഗെലോട്ട്. ‘രാഹത് ബാബ’ അഥവാ ആശ്വാസം നൽകുന്ന സന്യാസി എന്നാണ് കളിയാക്കിയും അല്ലാതെയും ഗെലോട്ടിനെ നാട്ടുകാർ ഇപ്പോൾ വിളിക്കുന്നത്. ഈ ക്ഷേമരാഷ്ട്രീയത്തിന്റെ ഏറ്റവും പുതിയ ഏടാണ് കോൺഗ്രസ് ഈ തിരഞ്ഞെടുപ്പിൽ മുന്നോട്ടുവച്ച 7 ഗാരന്റികൾ. രാഹുൽഗാന്ധിയെ രാവണനായി ചിത്രീകരിക്കും മുൻപ് ഗെലോട്ടിനെയാണ് ‘രാവണൻ’ എന്ന് ബിജെപി വിളിച്ചത്. കേന്ദ്രമന്ത്രി ഗജേന്ദ്രസിങ് ശെഖാവത്ത് വകയായിരുന്നു ഈ വിശേഷണം. ബുദ്ധിയുടെ കാര്യത്തിലാണെങ്കിൽ ഇതു ശരിയാണ്. ആൾത്താമസമുള്ള 10 തലയ്ക്കു തുല്യമാണ് ഗെലോട്ടിന്റെ ഒറ്റത്തല. ബിഹാറിൽ നിതീഷ് കുമാറിന്റെ ‘ജാതി സർവേ’ പരസ്യപ്പെടുത്തൽ പ്രഖ്യാപനം ആദ്യം ഐഡിയ മിന്നിച്ചത് ഗെലോട്ടിന്റെ തലയിലാണ്. ഉടൻവന്നു രാജസ്ഥാനിലും ജാതി സർവേ നടത്തുമെന്ന പ്രഖ്യാപനം. 

തന്ത്രജ്ഞതയുടെ ബലം

 ∙ ‘എന്റെ ജീവിതമാണ് എന്റെ സന്ദേശം’ എന്നാണ് മഹാത്മാ ഗാന്ധിജി പറഞ്ഞത്. എന്നാൽ അടിമുടി ഗാന്ധിയനായ അശോക് ഗെലോട്ട് സ്വന്തം പാർട്ടിയിലും പുറത്തുമുള്ള രാഷ്ട്രീയ എതിരാളികളോട് പറയാൻ സാധ്യത ‘സച്ചിൻ പൈലറ്റിന്റെ ജീവിതമാണ് എന്റെ സന്ദേശം’ എന്നായിരിക്കും. 2018ൽ രാജസ്ഥാൻ മുഖ്യമന്ത്രി പദത്തിൽ ലോങ് ഇന്നിങ്സിനു തുടക്കമിടാൻ എത്തിയ സച്ചിൻ പൈലറ്റ് ഗെലോട്ടിന്റെ രാഷ്ട്രീയ കൗശലങ്ങളിൽ പെട്ട് വട്ടംകറങ്ങിയത് 5 കൊല്ലമാണ്. മുഖ്യമന്ത്രി പദവും കിട്ടിയില്ല. ഉണ്ടായിരുന്ന രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷ സ്ഥാനവും പിന്നീട് കിട്ടിയ ഉപമുഖ്യമന്ത്രി സ്ഥാനവും പോവുകയും ചെയ്തു. കോൺഗ്രസിലെ ഉൾപ്പോരു മുതലാക്കാനിറങ്ങിയ ബിജെപിയുടെ വിക്കറ്റും ഗെലോട്ടിന്റെ ഗൂഗ്ലികളിൽ തവിടുപൊടിയായി. പാളയത്തിലെ പടയെയും പുറത്ത് ബിജെപി പടയെയും ഒരുപോലെ തോൽപിച്ച തന്ത്രജ്ഞതയുടെ ബലത്തിലാണ് ഗെലോട്ട് ഇത്തവണ പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്. വിജയിച്ചാൽ രാജസ്ഥാൻ രാഷ്ട്രീയത്തിൽ ഗെലോട്ടിന്റെ അപ്രമാദിത്വം ഉറപ്പിക്കപ്പെടും. പരാജയപ്പെട്ടാൽ അത് രാജസ്ഥാൻ കോൺഗ്രസിൽ തലമുറ മാറ്റത്തിനു വഴി തെളിച്ചേക്കാം.

English Summary:

Ashok Gehlot contesting from sardarpura assembly constituency in Rajasthan Assembly Election 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com