‘ഞങ്ങൾ സുരക്ഷിതർ, പുറത്തുവരും’: അസാമാന്യ മനോബലം കാട്ടി തൊഴിലാളികൾ; ആവശ്യപ്പെട്ടത് ഭക്ഷണത്തിനൊപ്പം അൽപം ഉപ്പ്
Mail This Article
ഉത്തരകാശി ∙ ‘നിങ്ങൾ അകത്തേക്കു വരൂ. നമുക്കൊരുമിച്ച് ചായ കുടിക്കാം’ - തുരങ്കത്തിനുള്ളിലെ സാഹചര്യങ്ങൾ അറിയാൻ പൈപ്പിലൂടെ ബന്ധപ്പെട്ട ദുരന്തനിവാരണ സേനാംഗങ്ങളോടു തൊഴിലാളികൾ പറഞ്ഞ വാക്കുകളാണിത്. മരണം മുന്നിൽ നിൽക്കുമ്പോഴും 41 തൊഴിലാളികൾ കാട്ടിയ അസാമാന്യ മനക്കരുത്താണ് രക്ഷാദൗത്യത്തിനു കരുത്തു പകരുന്നത്.
കഴിഞ്ഞ ദിവസം ഇവിടെയെത്തിയ കുടുംബാംഗങ്ങളുമായി സംസാരിച്ചപ്പോൾ തൊഴിലാളികളിലൊരാളായ ഗബ്ബർ സിങ് പറഞ്ഞു: ‘‘ഞങ്ങളെല്ലാം ഇവിടെ സുരക്ഷിതരാണ്. നിങ്ങൾ ധൈര്യമായിരിക്കുക ഞങ്ങൾ പുറത്തുവരും’’. ആശ്വസിപ്പിക്കാൻ തുരങ്കത്തിനു പുറത്തെത്തിയ കുടുംബാംഗങ്ങൾക്കു ധൈര്യം പകർന്നാണു തൊഴിലാളികൾ അവരെ മടക്കി അയച്ചത്.
8 സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണു തുരങ്കത്തിൽ കുടുങ്ങിയത് - ഉത്തർപ്രദേശ്, ജാർഖണ്ഡ്, ഹിമാചൽ, ബിഹാർ, ഉത്തരാഖണ്ഡ്, ബംഗാൾ, ഒഡീഷ, അസം എന്നിവിടങ്ങളിൽ നിന്നുള്ളവർ .
രക്ഷാദൗത്യത്തിന്റെ ഒരു ഘട്ടത്തിൽ പോലും അവർ പരിഭ്രാന്തരായില്ല. ദൗത്യസംഘത്തിന്റെയും ഡോക്ടർമാരുടെയും നിർദേശങ്ങളെല്ലാം അനുസരിച്ചു. കൃത്യസമയത്തു ഭക്ഷണം കഴിച്ചും ഉറങ്ങിയും തൊഴിലാളികൾ ആരോഗ്യം നിലനിർത്തിയതു രക്ഷാപ്രവർത്തകർക്ക് ആത്മവിശ്വാസം പകർന്നു.
രക്ഷാപ്രവർത്തനം പല ഘട്ടങ്ങളിലും തടസ്സപ്പെട്ടപ്പോഴും തൊഴിലാളികൾ അക്ഷമരായില്ല. ‘നിങ്ങൾ സമയമെടുത്തോളൂ, ഞങ്ങൾ കാത്തിരിക്കാം’ എന്ന് അവർ പറഞ്ഞുകൊണ്ടിരുന്നു. കഴിഞ്ഞ 11 ദിവസത്തിനിടെ ആവശ്യപ്പെട്ടത് ഒന്നു മാത്രം; ഭക്ഷണത്തിനൊപ്പം അൽപം ഉപ്പ്.