ടണൽ രക്ഷാപ്രവർത്തനം ജീവൻ പണയപ്പെടുത്തി
Mail This Article
ഉത്തരകാശി ∙ സിൽക്യാര ടണലിൽ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ യന്ത്രഭാഗങ്ങളിലും പാറകളിലും തട്ടിയതിനാൽ കഴിഞ്ഞ ദിവസം നിർത്തിവച്ച ഡ്രില്ലിങ് ആണ് ഇന്നലെ വൈകിട്ട് 6 മണിയോടെ പുനരാരംഭിച്ചത്. ആകെ 60 മീറ്റർ നീളത്തിലുള്ള അവശിഷ്ടങ്ങൾ തുരന്നാണു കുഴലുകൾക്കു മുന്നോട്ടു നീങ്ങേണ്ടത്.
90 സെന്റി മീറ്റർ വ്യാസവും 6 മീറ്റർ നീളവുമുള്ള കുഴലുകൾ ഒന്നിനു പിറകെ ഒന്നായി വെൽഡ് ചെയ്ത് 24 മീറ്റർ വരെ കഴിഞ്ഞ ദിവസം എത്തിയപ്പോഴാണു ഡ്രില്ലിങ് തടസ്സപ്പെട്ടത്. ഈ കുഴലുകൾക്കു കേടു പറ്റി. ഇതെത്തുടർന്ന് 80 സെന്റി മീറ്റർ വ്യാസമുള്ള പുതിയ കുഴലുകൾ ഇതിനുള്ളിലൂടെ കടത്തിവിട്ടു. അവ 24 മീറ്റർ വരെ സുഗമമായി മുന്നോട്ടു പോയി.
യുഎസ് നിർമിത ഡ്രില്ലിങ് യന്ത്രം ഉപയോഗിച്ച് തുടർന്നുള്ള ഭാഗത്തെ അവശിഷ്ടങ്ങൾ മാറ്റി, കുഴലുകൾ മുന്നോട്ടു നീക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. അതീവ ദുഷ്കരമായ ദൗത്യം സുഗമമായി മുന്നോട്ടു നീങ്ങിയാൽ ഇന്നു രാത്രിയോടെയോ നാളെയോടെയോ കുഴലുകൾ തൊഴിലാളികൾക്ക് അരികിലേക്കെത്തും. അതിലൂടെ നുഴഞ്ഞെത്തുന്ന രക്ഷാസംഘം സ്ട്രെച്ചറിൽ കിടത്തി തൊഴിലാളികളെ ഓരോരുത്തരെയായി പുറത്തെത്തിക്കും.
ഡ്രില്ലിങ്ങിന്റെ പ്രകമ്പനം മൂലം തുരങ്കത്തിനുള്ളിൽ ഇനിയും മണ്ണിടിച്ചിലിനുള്ള സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ രക്ഷാപ്രവർത്തകർക്കു പുറത്തിറങ്ങാൻ മറ്റൊരു കുഴൽ തുരങ്കത്തിനു പുറത്തേക്കിട്ടിട്ടുണ്ട്.
സ്വന്തം ജീവൻ പണയപ്പെടുത്തിയുള്ള അതീവ സാഹസിക ദൗത്യമാണു രക്ഷാപ്രവർത്തകർ നടത്തുന്നത്. അവശിഷ്ടങ്ങൾക്കിടയിലെ കൂറ്റൻ പാറകളും യന്ത്രഭാഗങ്ങളും ഡ്രിൽ ചെയ്ത് നീക്കാൻ എളുപ്പമല്ല.
തൊഴിലാളികളിലേക്ക് എത്താനുള്ള മറ്റു വഴികൾ
ദൂരത്തിന്റെ അടിസ്ഥാനത്തിൽ തൊഴിലാളികളിലേക്ക് ഏറ്റവും വേഗമെത്താൻ കഴിയുന്ന വഴിയാണ് തുരങ്കത്തിലൂടെ കുഴലിട്ടുള്ളത്. അതു തടസ്സപ്പെട്ടാൽ മല തുരന്ന് താഴേക്കിറങ്ങുക (ദൂരം 120 മീറ്റർ – 3 ദിവസം വേണ്ടിവരും), തുരങ്കത്തിന്റെ ഇടതു വശത്തു നിന്ന് മല തുരന്നെത്തുക (170 മീറ്റർ, 4 – 5 ദിവസം), തുരങ്കത്തിന്റെ എതിർ ദിശയിൽ നിന്ന് തുരന്നെത്തുക (500 മീറ്റർ, ആഴ്ചകൾ) എന്നീ മാർഗങ്ങളാണു മുന്നിലുള്ളത്.
ഒറ്റച്ചോദ്യം
തുരങ്കത്തിൽ കുടുങ്ങിയ ബിഹാർ സ്വദേശി ബിരേന്ദർ കിസ്കുവുമായി സംസാരിച്ച സഹോദരൻ ദേവേന്ദർ
മനോരമ: എന്താണ് സംസാരിച്ചത്?
ദേവേന്ദർ: രക്ഷാപ്രവർത്തനത്തിന്റെ കാര്യങ്ങളാണ് എന്നോടു ചോദിച്ചത്. ഇതുവരെയുള്ളതു വിശദമായി പറഞ്ഞുകൊടുത്തു. എപ്പോൾ പുറത്തിറങ്ങാനാവുമെന്ന് എല്ലാവരും ചോദിച്ചു. അതിനുള്ള ഉത്തരം ഞാനല്ലല്ലോ പറയേണ്ടത്. ധൈര്യമായിരിക്കാൻ മാത്രം പറഞ്ഞു.