ADVERTISEMENT

രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന രക്ഷാദൗത്യം അന്തിമഘട്ടത്തിലേക്ക്. മണ്ണിടിച്ചിലിനെത്തുടർന്ന് ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷപ്പെടുത്താനുള്ള കുഴൽ 6 മീറ്റർ അടുത്തുവരെയെത്തിച്ചു. 6 മീറ്റർ വീതം നീളമുള്ള 9 കുഴലുകൾ വെൽഡ് ചെയ്തുചേർത്താണ് അവശിഷ്ടങ്ങൾക്കിടയിലൂടെ ഉള്ളിലെത്തിച്ചത്. 

ഇന്നലെ രാത്രി ഒൻപതോടെ എത്തുംവിധം രക്ഷാകുഴൽ തൊഴിലാളികൾക്കരികിലേക്കു നീങ്ങിയെങ്കിലും അവശിഷ്ടങ്ങൾക്കിടയിലെ ഇരുമ്പുപാളിയിൽ തട്ടി അവസാനനിമിഷം നിന്നു. കുഴലിനുള്ളിലൂടെ നിരങ്ങിനീങ്ങിയ ദുരന്തനിവാരണസേനാ സംഘം ഗ്യാസ് കട്ടർ ഉപയോഗിച്ച് ഇരുമ്പുപാളി അറുത്തുമാറ്റാനുള്ള ശ്രമം അർധരാത്രിയും തുടരുകയാണ്. ഇന്നു രാവിലെയോടെ തൊഴിലാളികൾക്കരികിൽ എത്താനാകുമെന്നാണു പ്രതീക്ഷ. 

രാജ്യം ഇന്നുവരെ കണ്ട ഏറ്റവും സാഹസികവും ദുഷ്കരവുമായ രക്ഷാദൗത്യമാണ് 12–ാം ദിവസം വിജയത്തിന്റെ തൊട്ടടുത്തെത്തി നിൽക്കുന്നത്. ഇന്നലെ പകൽ തുരങ്കത്തിലെ അവശിഷ്ടങ്ങൾ ഡ്രിൽ ചെയ്തു നീക്കി കുഴലുകൾ ഉള്ളിലെത്തിക്കാൻ സാധിച്ചു. 80 സെന്റിമീറ്റർ വ്യാസമുള്ള 9 കുഴലുകൾ ഒന്നിനു പിറകെ ഒന്നായി വെൽഡ് ചെയ്താണു മുന്നോട്ടുനീക്കിയത്. തൊഴിലാളികളിലേക്കെത്താൻ ആകെ 10 കുഴലുകളാണു വേണ്ടത്.

കുഴലുകളിലൂടെ അവശിഷ്ടങ്ങൾക്കപ്പുറമെത്തിയ ശേഷം സ്ട്രെച്ചറിൽ കിടത്തി തൊഴിലാളികളെ പുറത്തേക്കെത്തിക്കുകയാണു ലക്ഷ്യം. എന്നാൽ, അതിന്റെ ആവശ്യമില്ലെന്നും കുഴലെത്തിച്ചാൽ തങ്ങൾ സ്വയം നിരങ്ങിവരാമെന്നും തൊഴിലാളികൾ അറിയിച്ചിട്ടുണ്ട്.

മെഡിക്കൽ സംഘം സജ്ജം, താൽക്കാലിക ഹെലിപാഡും

തൊഴിലാളികളുടെ ആരോഗ്യനില പരിശോധിക്കാൻ മെഡിക്കൽ സംഘം തുരങ്കത്തിനു പുറത്തുണ്ട്. കാര്യമായ പ്രശ്നങ്ങളില്ലാത്തവരെ ഉത്തരകാശി ജില്ലാ ആശുപത്രിയിലേക്കും ആരോഗ്യം മോശമായവരെ ഹെലികോപ്റ്റർ മാർഗം ഋഷികേശിലെ എയിംസ് ആശുപത്രിയിലേക്കും മാറ്റും.

തുരങ്കത്തിൽനിന്ന് ഏതാനും കിലോമീറ്റർ അകലെ താൽക്കാലിക ഹെലിപാഡ് സജ്ജമാക്കിയിട്ടുണ്ട്. തുരങ്കത്തിലേക്കുള്ള വഴിയിൽ മണ്ണിടിച്ചിലുണ്ടാകാനുള്ള സാധ്യത വെല്ലുവിളിയാണെങ്കിലും ദുഷ്കര സാഹചര്യങ്ങളിൽ ഡ്രൈവ് ചെയ്തു പരിചയമുള്ള ആംബുലൻസ് ഡ്രൈവർമാർ സ്ഥലത്തുണ്ട്.

English Summary:

Employees trapped in Uttarakhand Silkyara-Kandalgaon tunnel will be released today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com