കപൂർത്തല ഗുരുദ്വാരയിൽ പൊലീസുകാരൻ വെടിയേറ്റു മരിച്ചു
Mail This Article
കപൂർത്തല (പഞ്ചാബ്) ∙ സുൽത്താൻപുർ ലോധിയിലെ ഗുരുദ്വാരയിലുണ്ടായ വെടിവയ്പിൽ ഒരു പൊലീസ് കോൺസ്റ്റബിൾ മരിച്ചു. 2 പൊലീസുകാർക്കു പരുക്കേറ്റു. സിഖ് സമൂദായത്തിൽപെട്ട നിഹാംഗുകളാണു പൊലീസുകാരെ ആക്രമിച്ചതെന്നു കപൂർത്തല എസ്പി തേജ്ബിർ സിങ് ഹുൻഡൽ പറഞ്ഞു. ഗുരുദ്വാരകൾക്കു സുരക്ഷയൊരുക്കുന്ന ആയുധധാരികളാണു നിഹാംഗുകൾ.
സുൽത്താൻപുർ ലോധിയിലെ അകാൽ ബുൻഗ സാഹിബ് ഗുരുദ്വാരയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ടു നിഹാംഗുകളിലെ രണ്ടു വിഭാഗക്കാർ തമ്മിലുണ്ടായ തർക്കമാണ് അക്രമത്തിനിടയാക്കിയതെന്നാണു വിവരം. ബാബാ മാൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള നിഹാംഗുകളെ ഗുരുദ്വാരയിൽ നിന്ന് ഒഴിവാക്കാൻ പൊലീസുകാർ ശ്രമിക്കുന്നതിനിടെ ഇന്നലെ പുലർച്ചെയാണു വെടിവയ്പുണ്ടായത്. റോഡിൽ നിന്നിരുന്ന പൊലീസുകാർക്കു നേരെ ഇവർ പ്രകോപനമൊന്നും കൂടാതെ വെടിയുതിർക്കുകയായിരുന്നുവെന്നും ജസ്പാൽ സിങ് എന്ന പൊലീസുകാരൻ അപകടത്തിൽ മരിച്ചതായും അധികൃതർ പറഞ്ഞു. കണ്ണീർവാതകം ഉൾപ്പെടെ പ്രയോഗിച്ചാണു പൊലീസ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.
ബാബാ മാൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘവും സന്ത് ബൽബീർ സിങ്ങിന്റെ നേതൃത്വത്തിലുള്ള നിഹാംഗ് വിഭാഗവും തമ്മിലാണ് ഉടമസ്ഥാവകാശം സംബന്ധിച്ചു തർക്കമുണ്ടായത്. ഇരു വിഭാഗത്തിന്റെയും പിന്തുണക്കാർ തമ്മിൽ ബുധനാഴ്ച ബസൗവാൽ ഗ്രാമത്തിലും സംഘർഷമുണ്ടായിരുന്നു. ഇതിനു പിന്നാലെ പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയും ബാബാ മാൻ സിങ്ങിന്റെ സംഘത്തിലെ 10 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സ്ഥലത്തു കൂടുതൽ പൊലീസുകാരെ നിയോഗിച്ചുവെന്നും നിലവിൽ സ്ഥിതിഗതികൾ ശാന്തമാണെന്നും എസ്പി തേജ്ബിർ സിങ് പറഞ്ഞു.