ശിവകുമാറിനെതിരായ സിബിഐ അന്വേഷണം: അനുമതി പിൻവലിച്ച് കർണാടക
Mail This Article
ബെംഗളൂരു ∙ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസിൽ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനെതിരെ സിബിഐ അന്വേഷണത്തിന് മുൻ ബിജെപി സർക്കാർ നൽകിയ അനുമതി പിൻവലിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചു. സ്പീക്കറുടെ അനുമതി ഇല്ലാതെയാണ് യെഡിയൂരപ്പ സർക്കാർ തീരുമാനമെടുത്തതെന്നു ചൂണ്ടിക്കാട്ടിയാണ് അസാധാരണ നടപടി. മുൻ സിദ്ധരാമയ്യ സർക്കാരിൽ ഊർജ മന്ത്രിയായിരിക്കെ ശിവകുമാർ ബെനാമി ഇടപാടുകളിലൂടെ 74.93 കോടി രൂപ സമ്പാദിച്ചെന്നാണ് കേസ്.
സിബിഐ അന്വേഷണത്തെ ചോദ്യം ചെയ്യുന്ന ശിവകുമാറിന്റെ ഹർജി ഹൈക്കോടതി പരിഗണനയിലാണ്. അന്വേഷണത്തെ ചോദ്യം ചെയ്യുന്ന മറ്റൊരു ഹർജിയിൽ ഡിവിഷൻ ബെഞ്ച് നേരത്തേ ഇടക്കാല സ്റ്റേ അനുവദിച്ചിരുന്നു. ഈ സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. സർക്കാർ നടപടി കോടതിയിൽ ചോദ്യം ചെയ്യുമെന്ന് ബിജെപി നേതാക്കൾ അറിയിച്ചു. ബിജെപിയുമായി സഖ്യമുണ്ടാക്കിയ ജനതാദളും സർക്കാർ തീരുമാനത്തെ എതിർത്തു.