സൗമ്യ വിശ്വനാഥൻ വധം: 4 പ്രതികൾക്കു ജീവപര്യന്തം
Mail This Article
ന്യൂഡൽഹി ∙ മലയാളി ദൃശ്യമാധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥൻ (25) കൊല്ലപ്പെട്ട കേസിൽ രവി കപൂർ, അമിത് ശുക്ല, ബൽജിത് മാലിക്, അജയ് കുമാർ എന്നീ പ്രതികൾക്ക് ഇരട്ട ജീവപര്യന്തം തടവ്. കേസിലെ അഞ്ചാം പ്രതി അജയ് സേഥിക്കു 3 വർഷവും തടവും സാകേത് സെഷൻസ് കോടതിയിലെ അഡീഷനൽ ജഡ്ജി എസ്.രവീന്ദർ കുമാർ പാണ്ഡേ വിധിച്ചു.
പ്രതികൾ കുറ്റക്കാരാണെന്നു കഴിഞ്ഞ 18നു കോടതി വിധിച്ചിരുന്നു. ഡൽഹി മേഖലയിലും ബാധകമായ മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിരോധന നിയമത്തിലെ (മക്കോക്ക) കർശന വകുപ്പുകളും ഐപിസി പ്രകാരമുള്ള 302 ഉൾപ്പെടെയുള്ള വകുപ്പുകളുമാണു പ്രതികളുടെ മേൽ ചുമത്തിയത്.
ആദ്യ 4 പ്രതികൾ ഐപിസി പ്രകാരം 25,000 രൂപ പിഴയടയ്ക്കണം. മക്കോക്ക അനുസരിച്ചു മറ്റൊരു ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. 4 പേരും ശിക്ഷ പ്രത്യേകം അനുഭവിക്കണം. അജയ് സേഥിക്ക് ഐപിസി 411–ാം വകുപ്പ് അനുസരിച്ചു 3 വർഷം തടവും 25,000 രൂപയും പിഴയും വിധിച്ചപ്പോൾ മക്കോക്ക പ്രകാരം 5 ലക്ഷം രൂപ പിഴയും ചുമത്തി. വിചാരണകാലയളവിൽ 14 വർഷവും 7 മാസവും ജയിലിൽ കഴിഞ്ഞതു വിലയിരുത്തിയാണു തടവിൽ ഇളവ് നൽകിയത്.
വാഹനമോഷ്ടാവായ ഇയാൾക്കു കൊലയിൽ പങ്കില്ലെന്നു കോടതി കണ്ടെത്തിയിരുന്നു. പിഴത്തുകയിൽ 12 ലക്ഷം രൂപ സൗമ്യയുടെ കുടുംബത്തിനു നൽകണം. പിഴ നൽകിയില്ലെങ്കിൽ 6 മാസം കൂടി അധികതടവ്. അപൂർവങ്ങളിൽ അപൂർവമെന്ന ഗണത്തിൽ കേസ് ഉൾപ്പെടുന്നില്ലെന്നും വധശിക്ഷ നൽകാനാവില്ലെന്നും കോടതി വ്യക്തമാക്കി.
2008 സെപ്‌റ്റംബർ 30 ന് ഓഫിസിൽനിന്നു കാറിൽ വസന്ത് കുഞ്ചിലെ വീട്ടിലേക്കുള്ള യാത്രയ്ക്കിടെ സൗമ്യയെ അക്രമിസംഘം കാർ തടഞ്ഞു വെടിവയ്ക്കുകയായിരുന്നു. വീടിനു സമീപത്തായിരുന്നു സംഭവം. മോഷണശ്രമത്തിനിടെയായിരുന്നു കൊലപാതകമെന്നാണു പൊലീസ് കണ്ടെത്തിയത്. 2009 മാർച്ചിലാണ് പ്രതികളെ പിടികൂടിയത്.