പൊതുവാക്കുകളുമായി ജെൻഡർ സമത്വ മാർഗരേഖ
Mail This Article
ന്യൂഡൽഹി ∙ ലിംഗസമത്വമുള്ള ആശയവിനിമയം ഉറപ്പാക്കുകയെന്ന ലക്ഷ്യവുമായി കേന്ദ്ര വനിതാ–ശിശുക്ഷേമ മന്ത്രാലയത്തിന്റെ മാർഗരേഖ. ‘പെണ്ണിനെപ്പോലെ കരയാതെ’, ‘ഇങ്ങോട്ടു വരുന്നതിനു മുൻപ് അമ്മ ഇതൊന്നും പറഞ്ഞു തന്നിട്ടില്ലേ’ തുടങ്ങിയ അഭിപ്രായപ്രകടങ്ങളിൽ പാടില്ലെന്നു വ്യക്തമാക്കുന്ന മാർഗരേഖ ആണുങ്ങൾ കരയുന്നതിൽ കുഴപ്പമില്ലെന്നും ആൺകുട്ടികൾക്കും വീട്ടുജോലി ഉൾപ്പെടെ എല്ലാം പറഞ്ഞു നൽകേണ്ടതുണ്ടെന്നും വ്യക്തമാക്കുന്നു.
പൊതുസമൂഹത്തെ അഭിസംബോധന ചെയ്യുമ്പോൾ ആൺ–പെൺ വേർതിരിവു പ്രകടമാക്കുന്ന പ്രയോഗങ്ങൾ പാടില്ലെന്നും പൊതുവായ വാക്കുകൾ ഉപയോഗിക്കണമെന്നും നിർദേശിക്കുന്നു. സംസ്ഥാന സർക്കാരുകൾ നയരൂപീകരണ ഘട്ടത്തിൽ പെൺ, ട്രാൻസ്ജെൻഡർ വിഭാഗങ്ങളെക്കൂടി പരിഗണിക്കേണ്ടതുണ്ടെന്നും ഓരോ വകുപ്പിലും പ്രത്യേക ജെൻഡർ ബജറ്റുകൾ ആവശ്യമാണെന്നും മാർഗരേഖയിലുണ്ട്.
സിവിൽ സർവീസ് പരിശീലന കേന്ദ്രമായ മസൂറിയിലെ ലാൽ ബഹാദൂർ ശാസ്ത്രി നാഷനൽ അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷന്റെ കീഴിലുള്ള നാഷനൽ ജെൻഡർ ആൻഡ് ചൈൽഡ് സെന്ററിന്റെ നേതൃത്വത്തിലാണു മാർഗരേഖ തയാറാക്കിയിരിക്കുന്നത്. ഇതു സംസ്ഥാന–കേന്ദ്രഭരണ പ്രദേശങ്ങൾക്കു കൈമാറുമെന്നും പ്രാദേശിക ഭാഷയിലുൾപ്പെടെ മാർഗരേഖ അവതരിപ്പിക്കുമെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി വിശദീകരിച്ചു.
മാറ്റം: സ്ത്രീപക്ഷ സിനിമയ്ക്ക് വലിയ പങ്ക്
ജെൻഡർ വിവേചനം ഇല്ലാതാകുന്നതിൽ സിനിമ ഉൾപ്പെടെയുള്ള മീഡിയങ്ങൾക്കു വലിയ പങ്കുണ്ടെന്നും 2000 ത്തിനു ശേഷം സ്ത്രീപക്ഷ സിനിമകൾ കൂടുതലായി എത്തുന്നത് അഭിനന്ദനാർഹമാണെന്നും മാർഗരേഖയിൽ പറയുന്നു. ഉദാഹരണമായി പരാമർശിച്ചിരിക്കുന്ന സിനിമകളുടെ കൂട്ടത്തിൽ ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ, ഞാൻ മേരിക്കുട്ടി എന്നീ മലയാളം സിനിമകളുമുണ്ട്.