സിൽക്യാര: തൊഴിലാളികൾ ഋഷികേശ് എയിംസിൽ
Mail This Article
ഉത്തരകാശി ∙ സിൽക്യാര തുരങ്കത്തിൽനിന്നു 17–ാം ദിവസം രക്ഷപ്പെടുത്തിയ 41 തൊഴിലാളികളെ ഋഷികേശിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച തുരങ്കത്തിൽനിന്നു പുറത്തെത്തിച്ചയുടൻ ഇവരെ 30 കിലോമീറ്റർ അകലെയുള്ള ചിന്യാലിസോറിലെ ആശുപത്രിയിലേക്കാണു കൊണ്ടുപോയത്. ഇന്നലെ രാവിലെയാണ് വ്യോമസേനയുടെ ചിനൂക് ഹെലികോപ്റ്ററിൽ ഋഷികേശിലേക്കു മാറ്റിയത്.
തൊഴിലാളികൾക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെങ്കിലും വിദഗ്ധപരിശോധനയ്ക്കു വിധേയരാക്കും. രണ്ടാഴ്ചയിലധികം തുരങ്കത്തിൽ കഴിഞ്ഞതു മൂലമുള്ള മാനസികസമ്മർദം ഇല്ലാതാക്കാൻ ചികിത്സ നൽകും.
തൊഴിലാളികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചു. എല്ലാവരും സുരക്ഷിതരായി പുറത്തെത്തിയതിൽ സന്തുഷ്ടനാണെന്ന് അദ്ദേഹം പറഞ്ഞു. തുരങ്കത്തിനുള്ളിൽ പ്രഭാതസവാരിയും യോഗയും ചെയ്താണ് മനോബലം നിലനിർത്തിയതെന്നു തൊഴിലാളികൾ പറഞ്ഞു. വിദേശത്തു കുടുങ്ങിയ ഇന്ത്യക്കാരെപ്പോലും സുരക്ഷിതരായി നാട്ടിലെത്തിച്ച സർക്കാർ രക്ഷിക്കുമെന്ന വിശ്വാസമുണ്ടായിരുന്നുവെന്നും അവർ പറഞ്ഞു. മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി തൊഴിലാളികൾക്ക് ഒരുലക്ഷം രൂപ വീതം സാമ്പത്തികസഹായം കൈമാറി.
അവശിഷ്ടങ്ങൾ നീക്കൽ വൻ പ്രയത്നം
രക്ഷാദൗത്യം പൂർത്തിയായതോടെ ഇനിയറിയാനുള്ളത് സിൽക്യാര തുരങ്കത്തിന്റെ ഭാവി. തീർഥാടനകേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ചാർധാം റോഡ് പദ്ധതിയുടെ ഭാഗമായ തുരങ്കം പ്രവർത്തനയോഗ്യമാക്കാൻ ഭഗീരഥ പ്രയത്‌നം വേണ്ടിവരും. തുരങ്കത്തിനുള്ളിൽ അടിഞ്ഞ അവശിഷ്ടങ്ങൾ നീക്കാൻ മാസങ്ങളെടുക്കും. അടുത്ത ജൂലൈ 31ന് പൂർത്തിയാക്കാൻ ലക്ഷ്യമിട്ടിരുന്ന തുരങ്കത്തിനായി ഇതുവരെ 482 കോടി രൂപയാണ് ചെലവഴിച്ചത്.
2022ൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും കോവിഡ് മൂലം നിർമാണം നീണ്ടുപോയി.