ആദ്യ 24 മണിക്കൂർ ഭീതിയിൽ; പിന്നെ ആശ്വാസം, പ്രതീക്ഷ: തുരങ്കത്തിനുള്ളിലെ ജീവിതം പങ്കുവച്ച് തൊഴിലാളി
Mail This Article
ലക്നൗ∙ ‘തുരങ്കം ഇടിഞ്ഞ് അകത്തുപെട്ടപ്പോൾ ആദ്യത്തെ 24 മണിക്കൂർ അനുഭവിച്ചത് മരണതുല്യമായ ഭീതി; പിന്നീടാണ് പ്രതീക്ഷയും ആശ്വാസവും കൈവന്നത്’ – 17 ദിവസങ്ങൾക്കുശേഷം സിൽക്യാര തുരങ്കത്തിൽ നിന്നു രക്ഷപ്പെട്ട ലഖിംപുർ സ്വദേശി മൻജീത് ചൗഹാൻ ആ ഭീതിദമായ ദിവസങ്ങൾ ഓർത്തെടുക്കുന്നു.
തുരങ്കം ഇടിഞ്ഞുവീണ സ്ഥലത്തുനിന്നു വെറും 15 മീറ്റർ മാത്രം അകലെയായിരുന്നു മൻജീത്. സ്വപ്നം കാണുന്നതുപോലെയാണതു കണ്ടുനിന്നത്. പിന്നെയാണ് അത് ദുഃസ്വപ്നമല്ലെന്നു മനസ്സിലാക്കിയത് – മൻജീത് പറയുന്നു.
പരിഭ്രാന്തരായി എല്ലാവരും തുരങ്കത്തിനുള്ളിൽ ഓടി നടന്നു. നിലവിളിച്ചു. എല്ലാവരും അത്രമേൽ ഭയന്നിരുന്നു. പിന്നെ, ജീവിതം അവസാനിക്കുകയാണെന്നു കരുതി തളർന്നിരുന്നു. വിശപ്പും ദാഹവും പതിയെ പിടികൂടി. വായുസഞ്ചാരമില്ലാതെ കുടുങ്ങിയതിന്റെ ശ്വാസംമുട്ടൽ അനുഭവിച്ചു തുടങ്ങി. നിർമാണത്തിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന നാലിഞ്ചു വലുപ്പമുള്ള കുഴലിലൂടെ പുറംലോകവുമായി ബന്ധം സ്ഥാപിച്ചപ്പോഴാണ് ആശ്വാസം തോന്നിത്തുടങ്ങിയത്.
പുറത്തുനിന്നു രക്ഷാപ്രവർത്തനം തുടങ്ങിയെന്നറിഞ്ഞപ്പോൾ മുതൽ എല്ലാവരും മാനസികമായി കരുത്താർജിച്ചുതുടങ്ങി. ബന്ധുക്കളുമായി സംസാരിക്കാൻ ഫോൺ സംവിധാനം കൂടി ലഭിച്ചതോടെ അത് ഇരട്ടിച്ചു. ‘ഞാൻ ആദ്യം സംസാരിച്ചത് അച്ഛനോടാണ്. സുരക്ഷിതമായി തിരിച്ചെത്തുമെന്നും അതുവരെ അമ്മയ്ക്കു ധൈര്യം പകരണമെന്നും പറഞ്ഞു’– മൻജീതിന്റെ വാക്കുകൾ.
ഉടൻ ഫോണിൽ അച്ഛന്റെയും അമ്മയുടെയും ചിത്രം വാൾപേപ്പറാക്കി. അതോടെ എങ്ങനെയും പുറത്തെത്തുംവരെ പിടിച്ചു നിൽക്കണമെന്ന ധൈര്യം ബലപ്പെട്ടു.
ദാൽ, കാത്തിരിപ്പിന്റെ രുചി
ഞങ്ങൾക്കു ഭക്ഷണവും വെള്ളവും മറ്റുമെത്തിക്കാൻ ആറിഞ്ചു വലിപ്പമുള്ള കുഴൽ പുറത്തുനിന്നു സ്ഥാപിച്ചതോടെ ഉള്ളിലെ ജീവിതം അപ്പാടെ വെളിച്ചമുള്ളതായി. അതിനുശേഷം എല്ലാവരും നടക്കാനും യോഗ ചെയ്യാനും മൊബൈൽ ഗെയിം അടക്കമുള്ള വിനോദങ്ങളിൽ ഏർപ്പെടാനും തുടങ്ങി. ദിവസേന എത്തുന്ന ചൂടുള്ള ദാൽ കറി ഞാൻ അത്രത്തോളം ഇഷ്ടപ്പെട്ടു. അതിനായി കാത്തിരിക്കാൻ തുടങ്ങി.
തുരങ്കത്തിൽപെട്ടതുകൊണ്ടുണ്ടായ വലിയ നഷ്ടമെന്തായിരുന്നു എന്ന ചോദ്യത്തിന് ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ എന്നായിരുന്നു മറുപടി. തുരങ്കത്തിനുള്ളിൽ ഫൈനൽ കാണാനുള്ള ക്രമീകരണങ്ങൾ ഞങ്ങൾ ഒരുക്കുമ്പോഴാണ് അപകടമുണ്ടായത്. തിരിച്ചുവന്നശേഷം കളിയുടെ പ്രധാന നിമിഷങ്ങൾ കണ്ട് ആ നഷ്ടം തീർത്തു.