ചലനമുണ്ടാക്കാതെ എഎപി; മത്സരിച്ച 3 സംസ്ഥാനങ്ങളിലും കനത്ത തോൽവി
Mail This Article
ന്യൂഡൽഹി ∙ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ആം ആദ്മി പാർട്ടിക്ക് (എഎപി) ദയനീയ തോൽവി. ദേശീയ പാർട്ടിയെന്ന സ്ഥാനം ഉറപ്പിക്കാനും സ്വാധീനം വർധിപ്പിക്കാനുമാണ് എഎപി 3 സംസ്ഥാനങ്ങളിലും മത്സരിച്ചത്. എന്നാൽ, എല്ലായിടത്തും പരാജയപ്പെട്ടു. മധ്യപ്രദേശ് (0.51 ശതമാനം), രാജസ്ഥാൻ (0.38), ഛത്തീസ്ഗഡ് (0.93) എന്നിങ്ങനെയാണ് ലഭിച്ച വോട്ടുവിഹിതം. തെലങ്കാനയിൽ മത്സരിച്ചില്ല. 2022 ൽ നടന്ന ഹിമാചൽപ്രദേശ്, കഴിഞ്ഞ മേയിൽ നടന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പുകളിലും എഎപി കനത്ത തിരിച്ചടി നേരിട്ടിരുന്നു. കർണാടക തിരഞ്ഞെടുപ്പിൽ മത്സരിച്ച എല്ലാ സീറ്റിലും ജാമ്യസംഖ്യ നഷ്ടപ്പെട്ടു.
ഡൽഹിയിലും പഞ്ചാബിലും അധികാരം പിടിക്കുകയും ഗോവ, ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്ത എഎപിക്ക് കഴിഞ്ഞ ഏപ്രിലിലാണു ദേശീയ പാർട്ടി പദവി ലഭിച്ചത്. പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയുടെ ഭാഗമാണെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പുകളിൽ സഖ്യമില്ലെന്നു പ്രഖ്യാപിച്ചാണ് എഎപി മത്സര രംഗത്തിറങ്ങിയത്.
ദേശീയ കൺവീനർ കൂടിയായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവർ വിവിധ മണ്ഡലങ്ങളിൽ റോഡ് ഷോ നടത്തിയിരുന്നു. എന്നാൽ, മദ്യനയ അഴിമതിക്കേസിൽ പ്രമുഖ നേതാക്കളായ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, സഞ്ജയ് സിങ് എംപി എന്നിവർ ജയിലിലായത് പ്രചാരണത്തെ ബാധിച്ചു. ഡൽഹി മോഡൽ വികസനവും സൗജന്യ പദ്ധതികളും ചൂണ്ടിക്കാട്ടി പ്രചാരണം നടത്തിയ പാർട്ടിക്കു ചലനം സൃഷ്ടിക്കാനായില്ല. ദേശീയ തലത്തിൽ സ്വാധീനം വർധിപ്പിക്കാനുള്ള എഎപിയുടെ നീക്കങ്ങൾക്കും പരാജയം തിരിച്ചടിയാണ്.