കാറ്റും ഒഴുക്കും ബിജെപിക്ക് അനുകൂലം; രാജ്യസഭയിലെ അംഗബലത്തിലും മാറ്റം വരുത്തും
Mail This Article
ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന് ഏതാനും മാസം മുൻപു നടക്കുന്നതിനാൽ മാത്രമാണു ഛത്തീസ്ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പുകളെ ‘സെമി ഫൈനൽ’ എന്നു വിശേഷിപ്പിക്കാനാവുന്നത്. നിയമസഭയിൽനിന്നു ലോക്സഭയിലേക്കു മാറുമ്പോൾ സാഹചര്യം കൂടുതലും ബിജെപിക്ക് അനുകൂലമാകുന്നതാണ് 2019ൽ കണ്ടത്.
2018 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഛത്തീസ്ഗഡിലുണ്ടാക്കിയ നേട്ടം അതേപടി ലോക്സഭയിൽ ആവർത്തിക്കാൻ കോൺഗ്രസിനു സാധിച്ചില്ല. നിയമസഭയിൽ തിരിച്ചടി നേരിട്ട ബിജെപിയുടെ സീറ്റെണ്ണവും വോട്ട് ശതമാനവും ലോക്സഭയിൽ വലിയ തോതിൽ വർധിച്ചു. രാജസ്ഥാനിലും ഇതേ രീതിയാണു കണ്ടത്. നിയമസഭയിൽ കോൺഗ്രസിന് കൂടുതൽ സീറ്റ് ലഭിച്ചെങ്കിലും ബിജെപിയുമായി മൊത്തം വോട്ടിലുള്ള വ്യത്യാസം ഒരു ശതമാനം പോലും ഉണ്ടായിരുന്നില്ല. എന്നാൽ, ലോക്സഭയിൽ കോൺഗ്രസിനു സീറ്റൊന്നും ലഭിച്ചില്ല; ബിജെപിയുടെ വോട്ട് ശതമാനം കുത്തനെ കൂടി.
2018 ൽ മധ്യപ്രദേശിൽ നിയമസഭയിലേക്കു കൂടുതൽ സീറ്റ് നേടിയത് കോൺഗ്രസാണെങ്കിലും വോട്ട് ശതമാനത്തിൽ ബിജെപിക്ക് നേരിയ മുൻതൂക്കമുണ്ടായിരുന്നു. പിറ്റേ വർഷം ലോക്സഭയിൽ കോൺഗ്രസിന്റെ വോട്ട് ശതമാനം കുറഞ്ഞു, ഒരു സീറ്റാണ് ലഭിച്ചത്; ബിജെപിയുടെ വോട്ട് ശതമാനം കുത്തനെ കൂടി. മധ്യപ്രദേശിലും രാജസ്ഥാനിലും ചത്തീസ്ഗഡിലും തെലങ്കാനയിലുമായി മൊത്തം 82 ലോക്സഭാ സീറ്റുകളാണുള്ളത്. കഴിഞ്ഞ തവണ ഇതിൽ 65 സീറ്റ് ബിജെപിയാണ് നേടിയത്, 6 സീറ്റ് കോൺഗ്രസും. നിയമസഭാ തിരഞ്ഞെടുപ്പു ഫലങ്ങൾ രാജ്യസഭയിലെ അംഗബലത്തിലും വ്യത്യാസം വരുത്തും. രാജ്യസഭയിലെ കോൺഗ്രസ് അംഗങ്ങളിൽ മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ്ങിന്റെ കാലാവധി അടുത്ത വർഷം അവസാനിക്കും. ഇദ്ദേഹം രാജസ്ഥാനിൽനിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്. മധ്യപ്രദേശിൽനിന്നു തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് അംഗം രാജ്മണി പട്ടേലിന്റെ കാലാവധിയും അടുത്ത വർഷം അവസാനിക്കും.
ഛത്തീസ്ഗഡ്
∙2018 നിയമസഭ:
കോൺഗ്രസ് 68 സീറ്റ്, 43.04% വോട്ട്
ബിജെപി 15 സീറ്റ്, 32.97% വോട്ട്
∙2019 ലോക്സഭ:
കോൺഗ്രസ് 2 സീറ്റ്, 41.45% വോട്ട്
ബിജെപി 9 സീറ്റ്, 51.44% വോട്ട്
∙2023 – നിയമസഭ
കോൺഗ്രസ് 35 സീറ്റ്, 42.23% വോട്ട്
ബിജെപി 54 സീറ്റ്, 46.27% വോട്ട്
മധ്യപ്രദേശ്
∙2018 നിയമസഭ:
കോൺഗ്രസ് 114 സീറ്റ്, 40.89% വോട്ട്
ബിജെപി 109 സീറ്റ്, 41.02% വോട്ട്
∙2019 ലോക്സഭ:
കോൺഗ്രസ് 1 സീറ്റ്, 34.5% വോട്ട്
ബിജെപി 28 സീറ്റ്, 58.54% വോട്ട്
∙2023 നിയമസഭ
കോൺഗ്രസ് 66 സീറ്റ്, 40.4% വോട്ട്
ബിജെപി 163 സീറ്റ്, 48.55% വോട്ട്
രാജസ്ഥാൻ
∙2018 നിയമസഭ
കോൺഗ്രസ് 100 സീറ്റ്, 39.3% വോട്ട്
ബിജെപി 73 സീറ്റ്, 38.77% വോട്ട്
∙2019 ലോക്സഭ
കോൺഗ്രസിന് സീറ്റില്ല, 34.24% വോട്ട്
ബിജെപി 24 സീറ്റ്, 59.07% വോട്ട്
∙2023 നിയമസഭ
കോൺഗ്രസ് 66 സീറ്റ്, 40.4% വോട്ട്
ബിജെപി 115 സീറ്റ്, 41.69% വോട്ട്