കാമറെഡ്ഡിയിൽ കെസിആറിനെയും രേവന്തിനെയും തോൽപിച്ച് കാട്ടിപ്പള്ളി വെങ്കടരമണ റെഡ്ഡി
Mail This Article
ഹൈദരാബാദ് ∙ നിലവിലെ മുഖ്യമന്ത്രിയെയും ഭാവിമുഖ്യമന്ത്രിയെയും ഒറ്റയടിക്ക് വീഴ്ത്തി ബിജെപിയുടെ കാട്ടിപ്പള്ളി വെങ്കടരമണ റെഡ്ഡി ചരിത്രം കുറിച്ചു. മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിനോടു നേരിട്ട് ഏറ്റുമുട്ടാൻ പിസിസി പ്രസിഡന്റ് രേവന്ത് റെഡ്ഡി ഇറങ്ങിയതോടെയാണു കാമറെഡ്ഡി ശ്രദ്ധാകേന്ദ്രമായത്. ഇരുവരുടെയും രണ്ടാം മണ്ഡലമായിരുന്നു കാമറെഡ്ഡി.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തായിരുന്ന ബിജെപിയിലെ കാട്ടിപ്പള്ളി വെങ്കടരമണ റെഡ്ഡി ഇത്തവണ ബിആർസിന്റെയും കോൺഗ്രസിന്റെയും താരസ്ഥാനാർഥികളെ തോൽപിച്ച് ഒന്നാമത്തെത്തി. 2018 ലെ തിരഞ്ഞെടുപ്പിൽ ബിആർഎസിലെ ഗംപ ഗോവർധൻ 4557 വോട്ടിനാണു കോൺഗ്രസിലെ മുഹമ്മദ് അലി ഷാബിറിനെ പരാജയപ്പെടുത്തിയത്. ബിആർഎസ് 68,167 വോട്ടുനേടിയപ്പോൽ 15,439 വോട്ടു മാത്രം നേടിയ വെങ്കടരമണ റെഡ്ഡി ഇത്തവണ നേടിയത് 66,652 വോട്ട്. ഭൂരിപക്ഷം 6741. ചന്ദ്രശേഖർ റാവു രണ്ടാമതും രേവന്ത് റെഡ്ഡി മൂന്നാമതുമായി. കെസിആർ ഗജ്‌വേൽ മണ്ഡലത്തിലും രേവന്ത് റെഡ്ഡി കൊടങ്കലിലും വിജയിച്ചു.