രേവന്ത് റെഡ്ഡി: വെല്ലുവിളികളിൽ മുന്നേറി ലക്ഷ്യത്തിലേക്ക്
Mail This Article
ന്യൂഡൽഹി ∙ ഒരിക്കൽ താൻ മുഖ്യമന്ത്രിയാകുമെന്നു രാഷ്ട്രീയത്തിലിറങ്ങും മുൻപേ എ.രേവന്ത് റെഡ്ഡി (54) കൂട്ടുകാരോടു പറഞ്ഞുനടന്നു! എൻ.ചന്ദ്രബാബു നായിഡുവിന് ഒപ്പമായിരിക്കെ, കെസിആറിനൊപ്പം പോകുമോ എന്നും ചോദ്യമുയർന്നു. വെറും മന്ത്രിയാകാനായിരുന്നെങ്കിൽ സാക്ഷാൽ വൈഎസ്ആറിനൊപ്പം പോകുമായിരുന്നുവെന്നു മറുപടി പറഞ്ഞ ആത്മവിശ്വാസത്തിന്റെ പേരാണു രേവന്ത്.
അതിവേഗ ഗോൾ!
എബിവിപിയിലായിരുന്നു രേവന്തിന്റെ തുടക്കം. രാഷ്ട്രീയത്തിൽ ആദ്യം സഹകരിച്ച കെ.ചന്ദ്രശേഖര റാവു (കെസിആർ) പിന്നീട് ആജന്മശത്രുവായി. ജില്ലാ പരിഷത്തിലേക്കു സ്വതന്ത്രനായി ജയിച്ചു. സ്വന്തം നിലയിൽ ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പും ജയിച്ചതോടെ തെലുങ്കു രാഷ്ട്രീയത്തിൽ സ്വന്തം പേരുറപ്പിച്ചു. അന്നത്തെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്.രാജശേഖര റെഡ്ഡി (വൈഎസ്ആർ) കോൺഗ്രസിലേക്കു വാതിൽ തുറന്നിട്ടെങ്കിലും തെലുഗുദേശം പാർട്ടി ( ടിഡിപി) യിൽ ചേർന്നു.
ടിഡിപിയിൽ നിന്നു കോൺഗ്രസിലെത്തി 4–ാം വർഷം പാർട്ടിയുടെ സംസ്ഥാന അധ്യക്ഷ പദവിയും 6–ാം വർഷം മുഖ്യമന്ത്രി പദവിയും തേടിയെത്തുമ്പോൾ ആഗ്രഹിച്ചിടത്തേക്കാണ് ഫുട്ബോൾപ്രേമി കൂടിയായ രേവന്ത് പന്തുതട്ടിക്കകയറുന്നത്. മൃദുവായി ചിരിക്കുന്നതാണു രേവന്തിന്റെ പ്രത്യേകത. എതിരാളികൾക്കെതിരെ സംസാരിക്കുമ്പോൾ ആ മൃദുത്വം കാണാനുമാകില്ല. കെസിആർ മാത്രമല്ല, ലോക്സഭയിൽ രേവന്തിന്റെ പ്രസംഗം കേട്ട് അമിത് ഷാ മുതൽ നിർമല സീതാരാമൻ വരെ പ്രകോപിതരായി. കോൺഗ്രസ് സദസ്സുകളിൽ ആൾക്കൂട്ടത്തെ നിറച്ച രേവന്ത്, ഇനി തെലങ്കാനയുടെ അധികാരവഴിയിൽ പാർട്ടിയെ നയിക്കും.