എബിവിപി ദേശീയ സമ്മേളനം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും
Mail This Article
ന്യൂഡൽഹി∙ ഡൽഹിയിൽ നടക്കുന്ന 69 -ാമത് എബിവിപി ദേശീയ സമ്മേളനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. ഡിസംബർ 7 മുതൽ 10 വരെ ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ നഗരിയിൽ നടക്കുന്ന സമ്മേളനത്തിൽ ഭാരതത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള ആയിരത്തിന് അടുത്ത് വിദ്യാർഥികൾ പങ്കെടുക്കും. അഖില ഭാരതീയ വിദ്യാർഥി പരിഷത്തിന്റെ 75-ാം വാർഷികാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന അമൃത് മഹോത്സവി സമ്മേളനത്തിൽ സമകാലിക സാമൂഹിക പാരിസ്ഥിതിക വിദ്യാഭ്യാസ വിഷയങ്ങളിൽ പ്രമുഖരായ അധ്യാപകരും വിദ്യാർഥികളും ചർച്ചകൾ നടത്തി പ്രമേയങ്ങൾ വിഭാവന ചെയ്യുന്നതാണ്.
എബിവിപി സ്ഥാപക നേതാക്കളിലൊരാളായ ദത്താജി ഡിഡോൽക്കറുടെ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി മനോഹരമായ പ്രദർശനവും പ്രവർത്തകർക്കായി ഒരുക്കിയിട്ടുണ്ട്. ഭാരതീയ സംസ്കൃതിയുടെ മൂല്യങ്ങൾ വിളിച്ചോതുന്ന പ്രദർശനത്തിൽ ഛത്രപതി ശിവാജിയുടെ ഹൈന്ദവി സ്വരാജ്, ദില്ലി ചരിത്രം, സ്വാതന്ത്ര്യ സമരം എന്നീ പ്രമേയങ്ങൾ പ്രതിപാദിക്കുന്നുണ്ട്.
ദേശീയ സമ്മേളനത്തിൽ പരിസ്ഥിതി സൗഹൃദ ഭക്ഷണശാല തയാറാക്കി സമൂഹത്തിന് വളരെ വലിയ സന്ദേശമാണ് എബിവിപി നൽകുന്നത് എന്ന് ദേശീയ ജനറൽ സെക്രട്ടറി യജ്ഞവൽക്യ ശുക്ല പറഞ്ഞു. അതോടൊപ്പം സമ്മേളനത്തിന്റെ വിജയത്തിനായി അശ്രാന്ത പരിശ്രമം നടത്തുന്ന രാജ്യത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രതിനിധികളോടും അദ്ദേഹം നന്ദി രേഖപ്പെടുത്തി. ദേശീയ സമ്മേളനത്തോടനുബന്ധിച്ച് 10000- ത്തോളം പ്രവർത്തകരെ അണിനിരത്തി നടത്തുന്ന ശോഭയാത്രയിൽ ഭാരതത്തിന്റെ വൈവിധ്യമാർന്ന സംസ്കാരത്തെയും പൈത്രകത്തെയും മനോഹരമായ രീതിയിൽ തുറന്നുകാട്ടാൻ സാധിക്കുമെന്നും യജ്ഞവൽക്യ ശുക്ല അഭിപ്രായപ്പെട്ടു.