തൊഴിലുറപ്പുപദ്ധതിയിൽ ഇരട്ടത്താപ്പില്ലെന്ന് കേന്ദ്രം
Mail This Article
ന്യൂഡൽഹി ∙ ദേശീയ തൊഴിലുറപ്പുപദ്ധതിയോടു കേന്ദ്രസർക്കാരിന് ഇരട്ടത്താപ്പില്ലെന്നു മന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി ലോക്സഭയിൽ പറഞ്ഞു. അടിയന്തരാവശ്യഫണ്ടിൽനിന്ന് 10,000 കോടി രൂപ മുൻകൂറായി നൽകിയിട്ടുണ്ടെന്നു ചോദ്യോത്തരവേളയിൽ ചോദ്യങ്ങൾക്കു മറുപടിയായി പറഞ്ഞു. ബജറ്റിൽ അനുവദിച്ച 60,000 കോടി രൂപയ്ക്കു പുറമേയാണിത്.
സംസ്ഥാനങ്ങൾക്കു 66,629 കോടി രൂപ പദ്ധതിയിനത്തിൽ നവംബർ 29വരെ നൽകിയെന്നും മന്ത്രി പറഞ്ഞു. 2020.59 കോടി രൂപ സംസ്ഥാനങ്ങൾക്കു നൽകാനുള്ള വേതന കുടിശികയാണെന്നും 4,939.58 കോടി രൂപ പദ്ധതിയുടെ മറ്റാവശ്യങ്ങൾക്കുള്ള കുടിശികയാണെന്നും മന്ത്രി പറഞ്ഞു.
തൊഴിലുറപ്പുപദ്ധതിയിൽ അപേക്ഷിച്ചവർക്ക് നിശ്ചിതസമയത്തിനകം തൊഴിൽ ലഭിച്ചില്ലെങ്കിൽ തൊഴിലില്ലായ്മ വേതനം കൊടുക്കണമെന്ന വ്യവസ്ഥ പാലിക്കപ്പെടുന്നില്ലെന്നു ശശി തരൂർ ചൂണ്ടിക്കാണിച്ചിരുന്നു. ഇതു കൊടുക്കുമോ എന്ന് തരൂർ ചോദിച്ചെങ്കിലും കൃത്യമായ മറുപടി മന്ത്രി നൽകിയില്ല. തമിഴ്നാട് എംപിമാർ ചില പദ്ധതികളെക്കുറിച്ചു ചോദിച്ചപ്പോഴും മോദി സർക്കാരിന്റെ നേട്ടങ്ങളെക്കുറിച്ചാണു മന്ത്രി മറുപടി നൽകിയത്. ബംഗാളിലെ പണം നൽകാത്തതിനെക്കുറിച്ചുണ്ടായ തർക്കം ടിഎംസി അംഗങ്ങളുടെ വോക്കൗട്ടിലും കലാശിച്ചിരുന്നു.
കേരളത്തിനു കുടിശിക നൽകാനില്ലെന്ന് മന്ത്രി
ദേശീയ തൊഴിലുറപ്പുപദ്ധതിപ്രകാരം കേരളത്തിനു കുടിശിക നൽകാനില്ലെന്നു മന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി കെ. മുരളീധരന്റെ ചോദ്യത്തിനു മറുപടി നൽകി. ഈ സാമ്പത്തിക വർഷം 3818.43 കോടി രൂപ നൽകിയിട്ടുണ്ട്. 2021–22ൽ 3551.93 കോടി രൂപയും അതിനു മുൻപത്തെ വർഷം 4286.77 കോടി രൂപയും നൽകിയെന്നും വ്യക്തമാക്കി.