ADVERTISEMENT

ന്യൂഡൽഹി ∙ കേന്ദ്രമന്ത്രിമാരായ നരേന്ദ്രസിങ് തോമർ, പ്രഹ്ലാദ് സിങ് പട്ടേൽ എന്നിവരടക്കം 3 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ വിജയിച്ച 10 ബിജെപി എംപിമാർ രാജിവച്ചു. ജയിച്ച 2 പേർ കൂടി ഉടൻ രാജിവയ്ക്കും. കൃഷിമന്ത്രിയായ തോമറിനെ മധ്യപ്രദേശ് മുഖ്യമന്ത്രിയായും ഭക്ഷ്യ സഹമന്ത്രിയായ പ്രഹ്ലാദ് സിങ്ങിനെ ഉപമുഖ്യമന്ത്രിയായും പരിഗണിക്കുന്നുണ്ട്. രാജിവച്ച മറ്റുള്ളവരും 3 സംസ്ഥാനങ്ങളിലെയും മന്ത്രിസഭയിലെത്തുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്.

രാജിവച്ച മറ്റ് എംപിമാർ

രാകേഷ് സിങ്, ഉദയ് പ്രതാപ് സിങ് (മധ്യപ്രദേശ്), കിരോഡി ലാൽ മീണ, ദിയ കുമാരി, രാജ്യവർധൻ സിങ് റാത്തോഡ് (രാജസ്ഥാൻ), ഗോമതി സായി, അരുൺ സാഹു (ഛത്തീസ്ഗഡ്). ഇതിൽ കിരോഡി ലാൽ മീണ ഒഴികെയുള്ളവർ ലോക്സഭാംഗങ്ങളാണ്. കേന്ദ്രമന്ത്രി രേണുക സിങ് (ഛത്തീസ്ഗഡ്), ബാബാ ബാലക് നാഥ് (രാജസ്ഥാൻ) എന്നിവരും ഉടൻ രാജിവയ്ക്കും.

കേന്ദ്രമന്ത്രിമാർ രാജിവച്ചതോടെ നരേന്ദ്ര മോദി മന്ത്രിസഭയിൽ പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തുമെന്ന അഭ്യൂഹവും പ്രചരിക്കുന്നുണ്ട്. എന്നാൽ, ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തെത്തിയതിനാൽ മറ്റുള്ളവർക്കു ചുമതല നൽകാനാണു സാധ്യത.

മധ്യപ്രദേശിൽ ശിവ്‌രാജ് സിങ് ചൗഹാനെയും രാജസ്ഥാനിൽ വസുന്ധര രാജെയെയും മുഖ്യമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കില്ലെന്ന പ്രചാരണങ്ങൾക്കും ഇതോടെ ചൂടുപിടിച്ചു. വസുന്ധരയെ കാണാൻ 60 എംഎൽഎമാർ കഴിഞ്ഞ ദിവസം അവരുടെ വസതിയിലെത്തിയതു ദേശീയ നേതൃത്വം ഗൗരവമായി പരിഗണിക്കുന്നുണ്ട്.

ഛത്തീസ്ഗഡിൽ രേണുക സിങ്ങിന്റെയും ഗോമതി സായിയുടെയും പേരുകളും പരിഗണിക്കുന്നുണ്ട്. ഗോമതി സായി ഗോത്രവർഗത്തിൽ നിന്നുള്ളയാളാണ്. ഛത്തീസ്ഗഡ് പാർട്ടി പ്രസിഡന്റ് കൂടിയായ ഒബിസി വിഭാഗത്തിൽ നിന്നുള്ള അരുൺ സാഹുവിനും സാധ്യതയുണ്ട്.

English Summary:

BJP MP's Who Won State Polls Quit Parliament, Including Chief Minister Hopefuls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com