തലമുറമാറ്റത്തിന് ഹൈക്കമാൻഡ്;മടിച്ച് ഗെലോട്ടും കമൽനാഥും
Mail This Article
ന്യൂഡൽഹി ∙ മുതിർന്ന നേതാക്കളെ മാറ്റിനിർത്തി എ.രേവന്ത് റെഡ്ഡിയെ മുഖ്യമന്ത്രിയായി വാഴിച്ചതു വഴി തെലങ്കാനയിൽ തലമുറമാറ്റത്തിനു വഴിയൊരുക്കിയ ഹൈക്കമാൻഡ്, രാജസ്ഥാനിലും മധ്യപ്രദേശിലും സമാന രീതി തുടരുമോ എന്ന ചോദ്യം കോൺഗ്രസ് ക്യാംപിൽ ഉയരുന്നു.
ഇരു സംസ്ഥാനങ്ങളിലും പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പുതിയ മുഖങ്ങളെ അവതരിപ്പിക്കാൻ ഹൈക്കമാൻഡ് തയാറാകുമോ എന്നാണ് പാർട്ടി ഉറ്റുനോക്കുന്നത്. ജനം കണ്ടു മടുത്ത മുഖങ്ങൾ മാറ്റിയാൽ വോട്ട് ലഭിക്കുമെന്ന പാഠം തെലങ്കാനയിലും ഡി.കെ.ശിവകുമാറിനെ നേതൃനിരയിൽ നിർത്തിയ കർണാടകയിലും നിന്ന് കോൺഗ്രസ് ഉൾക്കൊള്ളുന്നുണ്ടെങ്കിലും രാജസ്ഥാനിലും മധ്യപ്രദേശിലും മാറ്റം എളുപ്പമല്ല.
രാജസ്ഥാനിൽ സച്ചിൻ പൈലറ്റിനെ പ്രതിപക്ഷ നേതാവാക്കി തലമുറമാറ്റത്തിനു തുടക്കമിടണമെന്ന ആവശ്യം പാർട്ടിക്കുള്ളിലുയർന്നിട്ടുണ്ടെങ്കിലും നേതൃസ്ഥാനം വിട്ടുകൊടുക്കാൻ അശോക് ഗെലോട്ട് തയാറായേക്കില്ല. സച്ചിന്റെ വരവ് തന്റെ മകൻ വൈഭവിന്റെ രാഷ്ട്രീയഭാവിയെ ബാധിക്കുമെന്ന ചിന്ത ഗെലോട്ടിനുണ്ട്.
രാജസ്ഥാനിൽ തോറ്റെങ്കിലും ബിജെപിയുമായുള്ള കോൺഗ്രസിന്റെ വോട്ട് വ്യത്യാസം വെറും 2% മാത്രമാണെന്നുള്ളത് തന്റെ രാഷ്ട്രീയക്കരുത്തിന്റെ തെളിവായി ഹൈക്കമാൻഡിനു മുന്നിൽ ഗെലോട്ട് അവതരിപ്പിക്കും.
മധ്യപ്രദേശിൽ പാർട്ടിയുടെ നേതൃസ്ഥാനത്തു നിന്ന് കമൽനാഥിനെ നീക്കിയേക്കുമെന്ന സൂചന ശക്തമാണെങ്കിലും പകരമാര് എന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരമില്ല.
കമൽനാഥിന്റെ മകൻ നകുൽനാഥ്, ദിഗ്‌വിജയ് സിങ്ങിന്റെ മകൻ ജയ്‌വർധൻ സിങ്, അന്തരിച്ച നേതാവ് അർജുൻ സിങ്ങിന്റെ മകൻ അജയ് സിങ് എന്നിവരാണ് നേതൃത്വമേറ്റെടുക്കാൻ മുൻനിരയിലുള്ളത്.
തെലങ്കാനയിൽ രേവന്ത് ഇന്ന് അധികാരമേൽക്കും
തെലങ്കാന മുഖ്യമന്ത്രിയായി എ.രേവന്ത് റെഡ്ഡി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രേവന്ത് ഇന്നലെ ഡൽഹിയിലെത്തി കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഉച്ചയ്ക്കു പാർലമെന്റിലെത്തിയ അദ്ദേഹം അംബേദ്കറുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. കോൺഗ്രസ് എംപിമാർ അദ്ദേഹത്തെ ലോക്സഭയിലേക്കു വരവേറ്റു.