മിസോറം: ലാൽഡുഹോമിന്റെ സത്യപ്രതിജ്ഞ 8ന്
Mail This Article
കൊൽക്കത്ത ∙ മിസോറം നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തെത്തുടർന്ന് മുഖ്യമന്ത്രി സൊറംതാഗ മിസോ നാഷനൽ ഫ്രണ്ട് (എംഎൻഎഫ്) പ്രസിഡന്റ് സ്ഥാനം രാജിവച്ചു. മുഖ്യമന്ത്രി പദത്തിൽനിന്നുള്ള രാജിക്കത്ത് കഴിഞ്ഞദിവസം അദ്ദേഹം ഗവർണർക്കു കൈമാറിയിരുന്നു.
മണിപ്പുർ കലാപം കൈകാര്യം ചെയ്യുന്നതിൽ മുഖ്യമന്ത്രി ബിരേൻ സിങ് പരാജയപ്പെട്ടതായി മിസോറമിലെ നിയുക്ത മുഖ്യമന്ത്രി ലാൽഡുഹോമ പറഞ്ഞു. മണിപ്പുർ വിഷയത്തിൽ പ്രധാനമന്ത്രിയുടെ മൗനവും തെറ്റാണ്. മണിപ്പുരിലെ കലാപം മെയ്തെയ്കളും ഗോത്ര വിഭാഗങ്ങളും തമ്മിലല്ലെന്നും സർക്കാറും ഗോത്രവിഭാഗങ്ങളും തമ്മിലാണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ സംവിധാനങ്ങൾ ഒരു വിഭാഗത്തിന് വേണ്ടി പ്രവർത്തിക്കുകയാണെന്ന് ലാൽഡുഹോമ പറഞ്ഞു.
മിസോറം തിരഞ്ഞെടുപ്പിൽ ജയിച്ച സൊറാം പീപ്പിൾസ് മൂവ്മെന്റ് (സെഡ് പിഎം) നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട ലാൽഡുഹോമ എട്ടിന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. മിസോറമിന്റെ ചരിത്രത്തിൽ ആദ്യമായാണ് കോൺഗ്രസോ എംഎൻഎഫോ അല്ലാത്ത സർക്കാർ അധികാരത്തിലെത്തുന്നത്.
മിസോ രാഷ്ട്രീയത്തിലെ അതികായനായ സൊറംതാഗ (79) പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് പാർട്ടി നേതൃത്വം ഒഴിയുന്നത്. ഒരു കാലത്ത് മിസോ സായുധ കലാപങ്ങൾക്ക് നേതൃത്വം കൊടുത്തിരുന്ന സൊറാംതാഗ 3 തവണയാണ് മുഖ്യമന്ത്രിയായത്.