മണിപ്പുരിൽ കൊല്ലപ്പെട്ടവർ പിഎൽഎയുടെ പുതിയ അംഗങ്ങൾ
Mail This Article
കൊൽക്കത്ത ∙ മണിപ്പുരിലെ തെഗ്‍നോപാൽ ജില്ലയിൽ മ്യാൻമർ അതിർത്തിക്കുസമീപം കൊല്ലപ്പെട്ട 13 പേർ ഇംഫാൽ താഴ്‍വരയിലെ വിവിധ മെയ്തെയ് ഗ്രാമങ്ങളിൽ നിന്നുള്ളവരാണെന്നു കണ്ടെത്തി. കുക്കി ഗ്രാമത്തിലൂടെ മ്യാൻമറിലേക്ക് ആയുധ പരിശീലനത്തിനുപോകാൻ ശ്രമിച്ച യുവാക്കളാണ് കൊല്ലപ്പെട്ടത്. മെയ്തെയ് ഭീകരസംഘടനയായ പീപ്പിൾസ് ലിബറേഷൻ ആർമിയിൽ (പിഎൽഎ) പുതുതായി ചേർന്നവരാണിവർ.
ഇന്ത്യ-മ്യാൻമർ അതിർത്തിയിൽ നിന്ന് 10 കിലോമീറ്റർ ദൂരത്തുള്ള ലെയ്തു എന്ന കുക്കി ഗ്രാമത്തിലാണ് 13 പേരുടെ മൃതദേഹങ്ങൾ കണ്ടത്. അതിർത്തി കടക്കാനുള്ള ശ്രമത്തിനിടെ ഇവർ വഴിതെറ്റി കുക്കി ഗ്രാമത്തിൽ എത്തിപ്പെടുകയായിരുന്നു. മൃതദേഹങ്ങൾ ഇംഫാലിൽ എത്തിച്ചു. സംഭവത്തിൽ പ്രതിഷേധിച്ചു മെയ്തെയ് വനിതകൾ പ്രകടനം നടത്തി. ഇംഫാലിൽ ഇന്നലെ കടകൾ അടഞ്ഞുകിടന്നു. തീവ്ര മെയ്തെയ് ഗ്രൂപ്പുകളും നിരോധിത സംഘടനകളും കുക്കി ഗ്രാമങ്ങൾ ആക്രമിച്ചേക്കുമെന്ന റിപ്പോർട്ടുകളെത്തുടർന്ന് ബഫർ സോണുകളിൽ സുരക്ഷാസേന ജാഗ്രത പാലിക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ കലാപ ആഹ്വാനങ്ങൾ തുടരുകയാണ്.