‘വീട്ടിലിരുന്ന് ജോലി’ തട്ടിപ്പ്: വിദേശ വെബ്സൈറ്റുകൾ കേന്ദ്രം തടഞ്ഞു
Mail This Article
ന്യൂഡൽഹി ∙ സംഘടിതകുറ്റകൃത്യങ്ങളും ടാസ്ക് അധിഷ്ഠിത പാർട്ട് ടൈം ജോലി നൽകിയുള്ള തട്ടിപ്പുകളും നടത്തുന്ന നൂറിലേറെ വെബ്സൈറ്റുകൾ ഐടി നിയമപ്രകാരം കേന്ദ്രം തടഞ്ഞു. രാജ്യത്തിനു പുറത്തുനിന്നു പ്രവർത്തിക്കുന്ന ഈ വെബ്സൈറ്റുകളിൽ പലതും ഇരകളാക്കുന്നതു വിരമിച്ചവരെയും സ്ത്രീകളെയും ജോലിയില്ലാത്ത യുവാക്കളെയുമാണ്. ഡിജിറ്റൽ പരസ്യങ്ങൾ, ചാറ്റ് മെസഞ്ചറുകൾ എന്നിവയുപയോഗിച്ചാണു പ്രവർത്തനം. ‘വീട്ടിലിരുന്ന് ജോലി ചെയ്യൂ; ലക്ഷങ്ങൾ സമ്പാദിക്കൂ’ എന്ന മട്ടിലുള്ള പരസ്യങ്ങളാണു ചൂണ്ട. എളുപ്പം പൂർത്തിയാക്കാവുന്ന ടാസ്ക് (നിശ്ചിത എണ്ണമോ തുകയോ നേടണമെന്ന നിബന്ധന) നൽകുകയും ആദ്യഘട്ടം കമ്മിഷൻ നൽകുകയും ചെയ്യും. കൂടുതൽ വരുമാനം വാഗ്ദാനം ചെയ്ത് ഇവരിൽനിന്നു വൻതോതിൽ നിക്ഷേപം സ്വീകരിച്ചു തട്ടിയെടുക്കും.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിഭാഗമായ ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററും (ഐ4സി) നാഷനൽ സൈബർ ക്രൈം ത്രെട്ട് അനലിറ്റിക്‌സ് യൂണിറ്റുമാണു റദ്ദാക്കേണ്ട വെബ്സൈറ്റുകൾ ശുപാർശ ചെയ്തത്. ഈ തട്ടിപ്പിൽനിന്നു ലഭിക്കുന്ന വൻതോതിലുള്ള വരുമാനം കാർഡ് നെറ്റ്‌വർക്, ക്രിപ്റ്റോ കറൻസി, വിദേശത്തെ എടിഎം വഴി പിൻവലിക്കൽ, രാജ്യാന്തര ഫിൻടെക് കമ്പനികളുടെ ശൃംഖല എന്നീ മാർഗങ്ങളിലൂടെ വെളുപ്പിക്കുന്നതായും ഏജൻസികൾ കണ്ടെത്തി.