ADVERTISEMENT

ന്യൂഡൽഹി ∙ സുപ്രീം കോടതിയിൽ ജോലിവിഭജനം സംബന്ധിച്ച് അതൃപ്തി പുകയുന്നു. കേസുകൾ ലിസ്റ്റ് ചെയ്യുന്ന രീതിക്കെതിരെ അഭിഭാഷകരായ ദുഷ്യന്ത് ദവെയും പ്രശാന്ത് ഭൂഷണും വിമർശനം ഉന്നയിച്ചതിനുപിന്നാലെ, ഇവരെ തള്ളി സുപ്രീം കോടതി ബാർ അസോസിയേഷൻ രംഗത്തെത്തി. കോടതിയിലെ ജോലിവിഭജന ചുമതല (മാസ്റ്റർ ഓഫ് റോസ്റ്റർ) ചീഫ് ജസ്റ്റിസിനാണ്.

വിരമിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ സുപ്രീം കോടതിയിലെ രണ്ടാമത്തെ സീനിയർ ജഡ്ജിയായ സഞ്ജയ് കിഷൻ കൗൾ ‘പറയാതെ വിട്ട വാക്കുകൾ’ ആണു നിയമവൃത്തങ്ങളിലെ സജീവചർച്ച. രാജ്യത്തെ ജഡ്ജി നിയമനം കേന്ദ്ര സർക്കാർ വൈകിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കേസ് കൗളിന്റെ ബെഞ്ചിൽനിന്നു തലേന്നു മാറ്റിയതിനെക്കുറിച്ചു അഭിഭാഷകൻ ചോദിച്ചപ്പോൾ, ചില കാര്യങ്ങൾ പറയാതിരിക്കുകയാണു ഭേദം എന്നാണു ജസ്റ്റിസ് കൗൾ പ്രതികരിച്ചത്. അസാധാരണ നടപടിയാണ് ഉണ്ടായതെന്ന് അഭിഭാഷകനായ പ്രശാന്ത് ഭൂഷണും ചൂണ്ടിക്കാട്ടി. പിന്നാലെ മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവെ ചീഫ് ജസ്റ്റിസിനു കത്തെഴുതുകകൂടി ചെയ്തതോടെ പ്രതിസന്ധി മറനീക്കി.

സുപ്രധാനകേസുകൾ പരിഗണിച്ചിരുന്ന ബെഞ്ചുകളെ മാറ്റി പുതിയ ബെഞ്ചുകളെ നിയോഗിക്കുന്ന റജിസ്ട്രിയുടെ രീതിയിലാണു ദവെ അതൃപ്തി രേഖപ്പെടുത്തിയത്. നേരത്തേ, മുതിർന്ന അഭിഭാഷകൻ കപിൽ സിബലും ഈ വിഷയം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ദവെയുടെ കത്തിനെതിരെ ഇന്നലെ സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് ആദിശ് സി. അഗർവാല രംഗത്തുവന്നു. വിദ്വേഷധ്വനിയും ഗൂഢോദ്ദേശ്യവുമുള്ള ഇത്തരം ശ്രമങ്ങളെ തള്ളിക്കളയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

4 മാസം, 8 കേസുകൾ

വിഷയം പരിഗണിച്ചിരുന്ന ബെഞ്ചിലെ ശേഷിക്കുന്ന മുതിർന്ന ജഡ്ജിക്കു മുന്നിലോ സമാനവിഷയം കേൾക്കുന്ന മറ്റൊരു ബെഞ്ചിലോ ഹർജികൾ ലിസ്റ്റ് ചെയ്യുന്നതാണു രീതിയെങ്കിലും കഴിഞ്ഞ 4 മാസത്തിനിടെ 8 കേസുകളിൽ അസാധാരണ സാഹചര്യം ഉണ്ടായെന്നാണു റിപ്പോർട്ടുകൾ. ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ, യുഎപിഎ ചോദ്യം ചെയ്തുള്ള ഹർജികൾ, തമിഴ്നാട് മുൻ മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിക്കെതിരായ പുതിയ അന്വേഷണം സംബന്ധിച്ച കേസ്, ചന്ദ്രബാബു നായിഡുവുമായി ബന്ധപ്പെട്ട കേസുകൾ, ഡി.കെ. ശിവകുമാറിനെതിരായ സ്വത്തുസമ്പാദന കേസ്, ഡിഎംകെ മന്ത്രി സെന്തിൽ കുമാറിന്റെ കേസ്, ഭീമ കൊറേഗാവ് കേസിൽ മഹേഷ് റൗത്തിന്റെ ജാമ്യാപേക്ഷ എന്നിവ ഒരേ ജഡ്ജി നേതൃത്വം നൽകുന്ന ബെഞ്ചിലാണ്.

English Summary:

Dissatisfaction with Supreme Court division of labor; The 'unsaid' becomes the discussion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com