തിരഞ്ഞെടുപ്പു പരാജയം ചർച്ച ചെയ്ത് കോൺഗ്രസ്; സംസ്ഥാനങ്ങളിൽ നേതൃമാറ്റം വേണമെന്ന് ആവശ്യം
Mail This Article
ന്യൂഡൽഹി ∙ മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ്, മിസോറം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പരാജയകാരണങ്ങൾ പരിശോധിക്കാൻ സംസ്ഥാന നേതാക്കളുമായി കോൺഗ്രസ് ദേശീയ നേതൃത്വം ചർച്ച നടത്തി. വിജയിക്കുമെന്ന അമിത ആത്മവിശ്വാസമാണ് മധ്യപ്രദേശിൽ പാർട്ടിക്കു വിനയായതെന്നു യോഗം വിലയിരുത്തി. സ്ത്രീകൾ, ഒബിസി വിഭാഗങ്ങൾ എന്നിവർ കോൺഗ്രസിനെ പിന്തുണച്ചില്ല. കമൽനാഥിനെ നേതൃത്വത്തിൽ നിന്നു മാറ്റണമെന്ന ആവശ്യം സംസ്ഥാന ഘടകത്തിൽ ഉയർന്നിട്ടുണ്ടെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിന് ഏതാനും മാസം മാത്രം ബാക്കിനിൽക്കെ പുതിയൊരു നേതാവിനെ ഉയർത്തിക്കൊണ്ടുവരുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ട് നേതൃത്വത്തെ അലട്ടുന്നുണ്ട്.
രാജസ്ഥാനിൽ അശോക് ഗെലോട്ടിനെ നേതൃസ്ഥാനത്തു നിന്നു മാറ്റുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ‘തിരഞ്ഞെടുപ്പിലെ പ്രകടനം മോശമല്ലല്ലോ, മാറ്റത്തിന്റെ ആവശ്യമെന്താണ്’ എന്നായിരുന്നു സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി സുഖ്ജിന്ദർ സിങ് രൺധാവയുടെ ചോദ്യം. സച്ചിൻ പൈലറ്റിന്റെ സാന്നിധ്യത്തിലായിരുന്നു ഇത്. ഛത്തീസ്ഗഡിൽ ഗോത്രവിഭാഗങ്ങളുടെ പിന്തുണ തിരിച്ചുപിടിക്കാനുള്ള നടപടികൾ അതിവേഗം ആരംഭിക്കണമെന്ന് നേതൃയോഗം നിർദേശിച്ചു. മിസോറമിൽ അധികാരത്തിലേറിയ സെഡ്പിഎം ബിജെപിയുമായി രഹസ്യധാരണയുണ്ടാക്കിയതായി കോൺഗ്രസ് സംസ്ഥാന ഘടകം ചൂണ്ടിക്കാട്ടി. പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി, സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
തെലങ്കാനയിൽ എണ്ണംകൂട്ടാൻ കോൺഗ്രസ്
തെലങ്കാനയിൽ നേടിയ ഭരണം ഉറപ്പിച്ചുനിർത്താൻ പ്രതിപക്ഷ കക്ഷികളിൽ നിന്നുള്ള ഏതാനും എംഎൽഎമാരെ കൂടി കോൺഗ്രസ് ഉന്നമിടുന്നു. 64 എംഎൽഎമാരുള്ള കോൺഗ്രസിന് കേവല ഭൂരിപക്ഷത്തിൽ നിന്ന് 4 സീറ്റുകൾ മാത്രമാണ് അധികമുള്ളത്. 5 വർഷം സുരക്ഷിതമായി ഭരിക്കാൻ ഈ സീറ്റ് നില ഭദ്രമല്ലെന്നു വിലയിരുത്തിയാണ് ബിആർഎസ്, ബിജെപി എംഎൽഎമാരെ മറുകണ്ടം ചാടിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നത്. 39 എംഎൽഎമാരുള്ള ബിആർഎസിനെയാണു മുഖ്യമായും ലക്ഷ്യമിടുന്നത്. എംഎൽഎമാരെ പിടിക്കാൻ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ കോൺഗ്രസിൽ നിന്നുണ്ടായേക്കാമെന്നും അതിനെതിരെ ജാഗ്രത പാലിക്കണമെന്നും കഴിഞ്ഞ ദിവസം ചേർന്ന ബിആർഎസ് നിയമസഭാകക്ഷി യോഗത്തിൽ വർക്കിങ് പ്രസിഡന്റ് കെ.ടി.രാമറാവു നിർദേശിച്ചിരുന്നു.