ADVERTISEMENT

ന്യൂഡൽഹി ∙ ഹമാസിനെ ഭീകരസംഘടനയായി ഇന്ത്യ അംഗീകരിക്കുന്നുണ്ടോയെന്ന കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ ലോക്സഭയിലെ ചോദ്യത്തിനുള്ള കേന്ദ്ര സർക്കാരിന്റെ മറുപടിയെച്ചൊല്ലി രാഷ്ട്രീയ വിവാദം. തന്റെ പേരിൽ രേഖാമൂലം നൽകിയ മറുപടി തന്റേതല്ലെന്നു വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി പരസ്യമായി പ്രതികരിച്ചു.

താൻ ഒപ്പിടാത്ത മറുപടി എങ്ങനെ തന്റെ പേരിൽ വന്നുവെന്ന് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മീനാക്ഷി പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിനും പരാതി നൽകി. ഇതോടെ, വിദേശകാര്യമന്ത്രാലയത്തിലെ മറ്റൊരു സഹമന്ത്രിയായ വി. മുരളീധരന്റേതായിരുന്നു ഉത്തരമെന്നും സാങ്കേതികപ്പിഴവു മൂല മന്ത്രിയുടെ പേരു മാറിപ്പോയതാണെന്നും വക്താവ് അരിന്ദം ബാഗ്ചി വിശദീകരിച്ചു.

ഭീകരസംഘടനയായി പ്രഖ്യാപിക്കേണ്ടത് ആഭ്യന്തര നിയമങ്ങളുടെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരമാണെന്നായിരുന്നു ഉത്തരം. ഹമാസ് അടക്കമുള്ള സംഘടനകളോടു ബിജെപി സ്വീകരിക്കുന്ന കടുത്ത നിലപാട് ഉത്തരത്തിൽ പ്രതിഫലിക്കാതിരുന്നതു രാഷ്ട്രീയ ചർച്ചയായി. വെള്ളിയാഴ്ച രാത്രി ഈ ചോദ്യം മാധ്യമപ്രവർത്തകരിലൊരാൾ ട്വീറ്റ് ചെയ്തിരുന്നു. വിവരം തെറ്റാണെന്നും താൻ മറുപടി നൽകിയിട്ടില്ലെന്നും മീനാക്ഷി പ്രതികരിച്ചതോടെയാണു വിവാദത്തിന്റെ തുടക്കം. വിദേശകാര്യ സെക്രട്ടറിയെ പുലർച്ചെ വിളിച്ചു വിശദീകരണം തേടിയ മന്ത്രി പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും പരാതി നൽകുകയായിരുന്നു.

ചോദ്യം മറച്ച്  മന്ത്രാലയം

ലോക്സഭാ പോർട്ടലിൽ ചോദ്യം പ്രസിദ്ധീകരിച്ചതിനു പിന്നാലെ വിദേശകാര്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലും ഇതു വന്നു. മന്ത്രി പ്രതിഷേധിച്ചതിനെത്തുടർന്നു വിദേശകാര്യമന്ത്രാലയം ചോദ്യം ഡിലീറ്റ് ചെയ്തു. ലോക്സഭ പോർട്ടലിൽ തിരുത്തൽ വരുത്താൻ നടപടി ക്രമങ്ങളുള്ളതിനാൽ അതു വൈകുമെന്ന് മീനാക്ഷി ലേഖി പറഞ്ഞു.

ലോഗിൻ വിഷയങ്ങളുടെ പേരിൽ തൃണമൂൽ എംപി മഹുവ മൊയ്ത്രയെ പുറത്താക്കിയ സാഹചര്യത്തിൽ മന്ത്രിയുടെ അറിവില്ലാതെ ഉത്തരം നൽകിയത് അന്വേഷിക്കണമെന്നു പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു.

English Summary:

Controversy over reply about Hamas in Loksabha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com