ജെഡിഎസ് പിളർപ്പ്: ദേവെഗൗഡയെ പുറത്താക്കി; സി.കെ. നാണു പ്രസിഡന്റ്
Mail This Article
ബെംഗളൂരു ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുമായി കൈകോർക്കാൻ തീരുമാനിച്ച ജനതാദൾ എസ് (ജെഡിഎസ്) ദേശീയ പ്രസിഡന്റ് ദേവെഗൗഡയെ പാർട്ടി സമാന്തര ദേശീയ പ്ലീനറി യോഗം പുറത്താക്കി. സി.എം.ഇബ്രാഹിം ഉൾപ്പെടെയുള്ള ദൾ നേതാക്കൾ പങ്കെടുത്ത യോഗം സി.കെ.നാണുവിനെ ദേശീയ പ്രസിഡന്റായി തിരഞ്ഞെടുത്തു. ദേവെഗൗഡ വിഭാഗം 9ന് വിളിച്ചു ചേർത്ത ദേശീയ നിർവാഹക സമിതി യോഗം ദേശീയ വൈസ് പ്രസിഡന്റായിരുന്ന നാണുവിനെയും കർണാടക അധ്യക്ഷനായിരുന്ന ഇബ്രാഹിമിനെയും പുറത്താക്കിയിരുന്നു.
അതേസമയം, എൽഡിഎഫിനൊപ്പം നിൽക്കുന്ന ജെഡിഎസ് കേരള ഘടകം പ്രസിഡന്റ് മാത്യു.ടി.തോമസും മന്ത്രി കെ.കൃഷ്ണൻകുട്ടിയും യോഗത്തിൽ പങ്കെടുത്തില്ല. ഇവരുടെ നിലപാടു കൂടി അറിഞ്ഞ ശേഷം കേരളത്തിലെയടക്കം സംസ്ഥാന സമിതികൾ പുനഃസംഘടിപ്പിക്കുമെന്ന് നാണു പറഞ്ഞു. ദേശീയ ഭാരവാഹികളെ നിയോഗിക്കാനും സംസ്ഥാന സമിതികളെ തിരഞ്ഞെടുക്കാനും യോഗം നാണുവിനെ ചുമതലപ്പെടുത്തി.
ഇന്നലെ നടന്ന യോഗത്തിൽ പങ്കെടുത്തില്ലെങ്കിൽ കേരള ഘടകം ബിജെപി സഖ്യത്തെ അനുകൂലിക്കുന്നതായി കരുതേണ്ടി വരുമെന്ന് ഇബ്രാഹിം വ്യക്തമാക്കിയിരുന്നു. മധ്യപ്രദേശ്, ഉത്തർപ്രദേശ്, തെലങ്കാന ദൾ ഘടകങ്ങളുടെ സംസ്ഥാന പ്രസിഡന്റുമാരും ആന്ധ്രപ്രദേശ് സംസ്ഥാന സെക്രട്ടറിയും തമിഴ്നാട് ട്രഷററും ഉൾപ്പെടെ ഇരുനൂറിലധികം ദേശീയ, സംസ്ഥാന കൗൺസിൽ അംഗങ്ങളാണ് പ്ലീനറിയിൽ പങ്കെടുത്തത്. ഇതിൽ കേരളത്തിൽ നിന്നുള്ള 65 പേർ ഉൾപ്പെടുന്നതായും നാണു വിഭാഗം അവകാശപ്പെട്ടു.
ഗുജറാത്ത്, ഹരിയാന, രാജസ്ഥാൻ, പഞ്ചാബ്, ബംഗാൾ, ഉത്തരാഖണ്ഡ് സംസ്ഥാന അധ്യക്ഷന്മാരുമായി 16നു ശേഷം ഇബ്രാഹിമിന്റെ നേതൃത്വത്തിൽ ചർച്ച നടത്തും. പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നം (കറ്റയേന്തിയ കർഷക സ്ത്രീ) ദേവെഗൗഡ വിഭാഗം ഉപയോഗിക്കുന്നതിനെതിരെ തിരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കും. വർഗീയ ശക്തികൾക്ക് എതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി ദേശീയ തലത്തിൽ ജനതാപരിവാർ, സോഷ്യലിസ്റ്റ് കക്ഷികളെ ഒരു കുടക്കീഴിൽ കൊണ്ടുവരുന്നതിന്റെ സാധ്യത പരിശോധിക്കാൻ യോഗം ഇബ്രാഹിമിനെ ചുമതലപ്പെടുത്തി.