മോഹൻ യാദവ് മധ്യപ്രദേശ് മുഖ്യമന്ത്രി
Mail This Article
ന്യൂഡൽഹി ∙ മധ്യപ്രദേശിൽ മോഹൻ യാദവ് (58) മുഖ്യമന്ത്രിയാകും. കഴിഞ്ഞ സർക്കാരിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഇദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാൻ ഇന്നലെ ചേർന്ന ബിജെപി നിയമസഭാകക്ഷി യോഗം തീരുമാനിച്ചു. രാജ്ഭവനിലെത്തിയ മോഹൻ യാദവിനെ മുഖ്യമന്ത്രിയാകാൻ ഗവർണർ മൻഗുബായ് പട്ടേൽ ക്ഷണിച്ചു. സത്യപ്രതിജ്ഞാ തീയതി തീരുമാനിച്ചിട്ടില്ല.
ചർച്ചകളിൽ നിറഞ്ഞു നിന്നിരുന്ന പേരുകളെല്ലാം ഒഴിവാക്കിയാണു മോഹൻ യാദവിനെ തിരഞ്ഞെടുത്തത്. കേന്ദ്രമന്ത്രിമാരായിരുന്ന നരേന്ദ്ര സിങ് തോമർ, പ്രഹ്ലാദ് സിങ് പട്ടേൽ എന്നിവരെയും ഒഴിവാക്കിയ പാർട്ടി രാജേന്ദ്ര ശുക്ല, ജഗ്ദീഷ് ദേവ്ഡ എന്നിവരെയാണ് ഉപമുഖ്യമന്ത്രിമാരായി പ്രഖ്യാപിച്ചിരിക്കുന്നത്. നരേന്ദ്ര സിങ് തോമർ സ്പീക്കറാകും. 16 വർഷത്തിലേറെ മുഖ്യമന്ത്രിയായിരുന്ന ശിവരാജ് ചൗഹാൻ ദേശീയ രാഷ്ട്രീയത്തിൽ എത്തുമെന്ന സൂചനയുണ്ട്.
ഉജ്ജയിൻ സൗത്ത് എംഎൽഎയും ഒബിസി വിഭാഗക്കാരനുമായ മോഹൻ യാദവ് എംബിഎയും പിഎച്ച്ഡിയും നേടിയശേഷമാണു രാഷ്ട്രീയത്തിലെത്തുന്നത്. മൻഡ്സോർ എംഎൽഎയായ ജഗ്‌ദീഷ് ദേവ്ഡയും റേവ എംഎൽഎയായ രാജേന്ദ്ര ശുക്ലയും കഴിഞ്ഞ മന്ത്രിസഭയിൽ അംഗമായിരുന്നു.