ഭജൻലാൽ ശർമ രാജസ്ഥാൻ മുഖ്യമന്ത്രി; എംഎൽഎ ആയ ആദ്യ അവസരത്തിൽ മുഖ്യമന്ത്രിസ്ഥാനം
Mail This Article
ന്യൂഡൽഹി ∙ ആദ്യമായി എംഎൽഎ ആയ ഭജൻലാൽ ശർമ (56) രാജസ്ഥാൻ മുഖ്യമന്ത്രി. 2 തവണ മുഖ്യമന്ത്രിയായ വസുന്ധര രാജെയുടെ സാന്നിധ്യത്തിൽ കേന്ദ്രനിരീക്ഷകനായ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങാണു പ്രഖ്യാപനം നടത്തിയത്. ബിജെപി ഓഫിസിൽ നടന്ന പ്രഖ്യാപനത്തിനു ശേഷം ശർമ ഗവർണർ കൽരാജ് മിശ്രയെക്കണ്ട് മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശമുന്നയിച്ചു. ഛത്തീസ്ഗഡിനും മധ്യപ്രദേശിനും പിന്നാലെയാണു രാജസ്ഥാനിലും ബിജെപി തലമുറമാറ്റത്തിനു വഴിയൊരുക്കുന്നത്. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും മുഖ്യമന്ത്രിമാർ ഇന്നു സത്യപ്രതിജ്ഞ ചെയ്യും.
ബ്രാഹ്മണ സമുദായാംഗമായ ഭജൻലാലിനൊപ്പം രജപുത്രവംശജയായ ജയ്പുർ രാജകുമാരി ദിയാകുമാരി, പട്ടികവിഭാഗത്തിൽ നിന്നുള്ള പ്രേംചന്ദ് ബട്‌വ എന്നിവരെ ഉപമുഖ്യമന്ത്രിമാരാക്കിയിട്ടുമുണ്ട്. വാസുദേവ് ദേവ്‌നാനിയാണു സ്പീക്കർ. ഛത്തീസ്ഗഡിൽ ഗോത്രവിഭാഗത്തിൽ നിന്നുള്ള വിഷ്ണുദേവ് സായിയെയും മധ്യപ്രദേശിൽ ഒബിസി വിഭാഗത്തിൽ നിന്നുള്ള മോഹൻ യാദവിനെയും ബിജെപി മുഖ്യമന്ത്രിമാരാക്കിയിരുന്നു. വസുന്ധര രാജെയാണ് ഭജൻലാൽ ശർമയുടെ പേരു നിയസഭാകക്ഷി യോഗത്തിൽ നിർദേശിച്ചതെന്നു പാർട്ടി നേതാക്കൾ പറഞ്ഞു.
രാജസ്ഥാനിലെ ഭരത്പുർ സ്വദേശിയായ ശർമ പാർട്ടി കോട്ടയായ സാങ്കനീർ മണ്ഡലത്തിൽ നിന്ന് 48,081 വോട്ടുകൾക്കാണ് വിജയിച്ചത്. ദീർഘകാലം ബിജെപി സംസ്ഥാന നേതൃത്വത്തിലുണ്ടായിരുന്ന ഭജൻലാൽ വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ശർമയെ കക്ഷിനേതാവായി ഐകകണ്ഠ്യേന തിരഞ്ഞെടുക്കുകയായിരുന്നുവെന്നു സംസ്ഥാന പ്രസിഡന്റ് സി.പി.ജോഷി പറഞ്ഞു.