മധ്യപ്രദേശിലും ഛത്തീസ്ഗഡിലും മുഖ്യമന്ത്രിമാർ അധികാരമേറ്റു
Mail This Article
ഭോപാൽ / റായ്പുർ ∙ മധ്യപ്രദേശിൽ മോഹൻ യാദവും ഛത്തീസ്ഗഡിൽ വിഷ്ണുദേവ് സായിയും മുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി പ്രസിഡന്റ് ജെ.പി.നഡ്ഡ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകൾ. രാജസ്ഥാനിൽ ഭജൻലാൽ ശർമയുടെ സത്യപ്രതിജ്ഞ നാളെ 11.15ന് ജയ്പുരിൽ നടക്കും.
മധ്യപ്രദേശിൽ ഭോപാലിലെ ലാൽ പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ഉജ്ജയിൻ മോഹൻ യാദവി (58) നു ഗവർണർ മങ്കുഭായ് പട്ടേൽ സത്യവാചകം ചൊല്ലിക്കൊടുത്തു. ജഗദീഷ് ദേവ്‍ഡ, രാജേന്ദ്ര ശുക്ല എന്നിവർ ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചൊല്ലി. മുൻ മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ജ്യോതിരാദിത്യ സിന്ധ്യ അടക്കമുള്ള കേന്ദ്രമന്ത്രിമാരും പങ്കെടുത്തു.
റായ്പുരിൽ നടന്ന ചടങ്ങിൽ വിഷ്ണുദേവ് സായിക്ക് (59) ഗവർണർ ബിശ്വഭൂഷൺ ഹരിചന്ദൻ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബിജെപി സംസ്ഥാന പ്രസിഡന്റ് അരുൺ സാവോ, ജനറൽ സെക്രട്ടറി വിജയ് ശർമ എന്നിവർ ഉപമുഖ്യമന്ത്രിമാരായി സ്ഥാനമേറ്റു. മുൻ മുഖ്യമന്ത്രി കോൺഗ്രസിലെ ഭൂപേഷ് ബാഗേൽ പങ്കെടുത്തു.