അതിക്രമ സമയത്ത് മോദിയും ഷായും ഭോപാലിൽ; പ്രതിഷേധക്കാരെ നേരിട്ട എംപിമാരുടെ വാക്കുകൾ
Mail This Article
അതിക്രമ സമയത്ത് മോദിയും ഷായും ഭോപാലിൽ
ന്യൂഡൽഹി ∙ രാജ്യത്തെ ഞെട്ടിച്ച അതിക്രമം നടക്കുമ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും പാർലമെന്റിൽ ഉണ്ടായിരുന്നില്ല. ഇരുവരും മധ്യപ്രദേശിലെ ബിജെപി മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്കായി ഭോപാലിലായിരുന്നു.
അടുത്തെത്തിയപ്പോൾ പിടികൂടി ഹനുമാൻ ബേനിവാൾ (ആർഎൽപി)
സന്ദർശകഗാലറിയിൽ നിന്നു 2 പേർ താഴേക്കു ചാടി. അതിലൊരാൾ സ്പീക്കറുടെ ചേംബർ ലക്ഷ്യമിട്ടു കുതിച്ചു. എന്റെ സമീപമെത്തിയപ്പോൾ അയാളെ കടന്നുപിടിച്ചു. കുതറിയോടാൻ ശ്രമിച്ചെങ്കിലും ഞങ്ങൾ വിട്ടില്ല. പ്രതിഷേധക്കാർ ഷൂസിനുള്ളിൽ ഒളിപ്പിച്ച എന്തോ വസ്തു എടുത്തു. പിന്നാലെ, ചുറ്റും മഞ്ഞപ്പുക നിറഞ്ഞു. ഇരുവരെയും എംപിമാർ വളഞ്ഞിട്ടു മർദിച്ചു. സന്ദർശകഗാലറിയിൽ മുദ്രാവാക്യം വിളിച്ച് ഒരു സ്ത്രീ കൂടിയുണ്ടായിരുന്നു. പ്രതിഷേധിക്കാൻ എത്തിയതാണെന്നും മറ്റു ലക്ഷ്യങ്ങളില്ലെന്നും അവർ വിളിച്ചുപറയുന്നുണ്ടായിരുന്നു.
ബോംബെന്നു കരുതി; എങ്കിലും പിടിവിട്ടില്ല; ഗുർജീത് സിങ് ഓജില (കോൺഗ്രസ്)
പ്രതിഷേധക്കാരന്റെ കൈവശമുണ്ടായിരുന്ന പുകക്കുറ്റി ഞാൻ ബലമായി പിടിച്ചുവാങ്ങി. ബോംബാണെന്ന് തോന്നിയെങ്കിലും എല്ലാവരുടെയും സുരക്ഷയെക്കരുതി പിടിവിട്ടില്ല. അത് ഞാൻ അതിവേഗം സഭയ്ക്കു പുറത്തേക്കു മാറ്റി. അപ്പോഴേക്കും മറ്റ് എംപിമാരും സുരക്ഷാ ഉദ്യോഗസ്ഥരും പ്രതിഷേധക്കാരെ കീഴടക്കിയിരുന്നു. പുകയേറ്റ് എന്റെ വലതുകയ്യാകെ മഞ്ഞനിറമായി. പുകയ്ക്കു ചൂടോ ഗന്ധമോ ഉണ്ടായിരുന്നില്ല.
പാസിൽ ബിജെപി എംപിയുടെ പേര് ഡീൻ കുര്യാക്കോസ് (കോൺഗ്രസ്)
ശൂന്യവേളയുടെ അവസാനം സന്ദർശകഗാലറിയിൽ നിന്നൊരാൾ താഴേക്കു ചാടുന്നു. തലകറങ്ങി വീഴുകയാണെന്ന് ആദ്യം വിചാരിച്ചു. തൊട്ടുപിന്നാലെ മറ്റൊരാൾ കൂടി ചാടി. കരുതിക്കൂട്ടിയുള്ള നീക്കമാണെന്ന് അതോടെ മനസ്സിലായി. ഹിന്ദിയിൽ മുദ്രാവാക്യം വിളിച്ച് ഇവർ മുന്നോട്ടു കുതിച്ചു. എംപിമാർ പ്രതിഷേധക്കാരിലൊരാളെ കീഴ്പ്പെടുത്തിയ ശേഷം സീറ്റിൽ മലർത്തിക്കിടത്തി. അയാളുടെ പാന്റ്സിന്റെ പോക്കറ്റിൽ സന്ദർശകപാസ് കണ്ട് ഞാൻ അതെടുത്തു. ബിജെപി എംപി പ്രതാപ് സിംഹയുടെ പേര് അതിൽ എഴുതിയിരുന്നു. പ്രതാപിന്റെ ശുപാർശയിലാണ് പ്രതിഷേധക്കാർ എത്തിയതെന്ന് ഞാൻ വിളിച്ചുപറഞ്ഞു.