ADVERTISEMENT

ന്യൂഡൽഹി ∙ പാർലമെന്റിനകത്തെ കടന്നാക്രമണത്തിനു തൊട്ടു മുൻപു പുറത്തു പ്രതിഷേധിച്ച നീലം ആസാദും അമോൽ ഷിൻഡെയും ‘ഏകാധിപത്യം നടക്കില്ല, ജയ് ഭീം, ജയ് ഭാരത്’ തുടങ്ങിയ മുദ്രാവാക്യങ്ങളാണു വിളിച്ചത്. പഴയ പാർലമെന്റിന്റെ റിസപ്ഷൻ ഗേറ്റിനും ഗതാഗത മന്ത്രാലയത്തിനും ഇടയിലുള്ള റൗണ്ട് എബൗട്ടിനു മുന്നിലായിരുന്നു പ്രതിഷേധം.

മഞ്ഞയും ചുവപ്പും പുക ചീറ്റിയ പുകക്കുറ്റി ഇവരും പൊട്ടിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരും മന്ത്രിമാരുടെയും എംപിമാരുടെയും ജീവനക്കാരും പാർലമെന്റ് സന്ദർനത്തിനെത്തിയവരും ഈ‌ സമയം പുറത്തുണ്ടായിരുന്നു. പ്രതിഷേധക്കാരെ പിടികൂടിയ പൊലീസ് ഇവരെ ട്രാൻസ്പോർട്ട് ഭവന്റെ മുന്നിലെത്തിച്ചു വാഹനത്തിൽ കയറ്റി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടു പോയി. പൊലീസ് വാഹനത്തിലേക്കു കയറും മുൻപു മാധ്യമങ്ങളോടു സംസാരിച്ച നീലം തങ്ങളുടെ ശബ്ദം പാർലമെന്റിൽ എത്തിക്കാനാണു ശ്രമിച്ചതെന്നു പറഞ്ഞു.

‘‘എന്റെ പേര് നീലം എന്നാണ്. അവകാശങ്ങൾക്കു വേണ്ടി ശബ്ദമുയർത്തുമ്പോഴെല്ലാം സർക്കാർ അടിച്ചമർത്താനാണു ശ്രമിക്കുന്നത്. ‍മർദിക്കുകയും ജയിലിലടയ്ക്കുകയും ചെയ്യുന്നു. ഒരു സംഘടനയിലും പെട്ടവരല്ല. വിദ്യാർഥികളും തൊഴിൽ രഹിതരുമാണ്. കൂലിപ്പണിക്കാരുടെയും കർഷകരുടെയും ചെറുകച്ചവടക്കാരുടെയും മക്കളാണ്. ഞങ്ങളുടെ ശബ്ദം അടിച്ചമർത്താനുള്ള ശ്രമങ്ങളാണു നടക്കുന്നത്. ഏകാധിപത്യം നടപ്പാകില്ല’’- നീലം പറഞ്ഞു.

വിവാദ കൃഷി നിയമങ്ങൾക്കെതിരെ നടന്ന സമരത്തിലും സജീവമായിരുന്നു. ഡൽഹിയിലെ ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിൽ പങ്കെടുത്തു ദേശീയ ഗുസ്തി താരം സാക്ഷി മാലിക്കിന്റെ മാതാവിനൊപ്പം അറസ്റ്റിലാകുകയും മണിക്കൂറുകൾക്കു ശേഷം വിട്ടയയ്ക്കുകയും ചെയ്തിരുന്നു.

ഈ ദിവസങ്ങളിൽ നീലം ഹിസാറിൽ ഉണ്ടാകുമെന്നാണു പറഞ്ഞിരുന്നതെന്നും ഡൽഹിക്കു പോയ വിവരം അറിയില്ലെന്നും ഇളയ സഹോദരൻ രാം നിവാസും മാതാവ് സരസ്വതിയും മാധ്യമങ്ങളോടു പറഞ്ഞു. ഉന്നത വിദ്യാഭ്യാസം നേടിയിട്ടും ജോലി ലഭിക്കാത്തതിൽ നീലം കടുത്ത നിരാശയിലായിരുന്നു. ഡൽഹിയിൽ അധ്യാപക പരീക്ഷയിൽ പങ്കെടുത്തെങ്കിലും ജോലി ലഭിച്ചില്ല. പിന്നീട് യുപിഎസ്‌സി പരീക്ഷയ്ക്കു വേണ്ടിയുള്ള തയാറെടുപ്പിലായിരുന്നെന്നും ഇവർ പറഞ്ഞു.

പുകഞ്ഞ്  പുകഞ്ഞ്  ...

പാർലമെന്റിനു പുറത്തു പ്രതിഷേധിച്ച നീലത്തെയും അമോലിനെയും പിടികൂടി നീക്കം ചെയ്തതിനു ശേഷമാണ് ഇവർ പുക ചീറ്റിച്ച കുറ്റി പരിസരത്തെ ചെടികൾക്കിടയിൽ കണ്ടെത്തിയത്. പുകക്കുറ്റിയുടെ അവശിഷ്ടം ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൈയിലെടുത്തെങ്കിലും പിന്നീട് അവിടെത്തന്നെ ഉപേക്ഷിച്ചു. അതോടെ, ഫൊറൻസിക് പരിശോധനയ്ക്കു പോലും പോകാതെ ഈ പുകക്കുറ്റി പാർലമെന്റിനു പുറത്തു നിന്നുള്ള തത്സമയ വാർത്താ ദൃശ്യങ്ങളിൽ പ്രധാന താരമായി.

English Summary:

Parliament attack: Dictatorship will not work trying to suppress our voice

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com