പാർലമെന്റ് പൂർണമായി സ്തംഭിപ്പിക്കാൻ ‘ഇന്ത്യ’ മുന്നണി
Mail This Article
ന്യൂഡൽഹി ∙ ലോക്സഭയിലെ അതിക്രമത്തെക്കുറിച്ച് ഇരു സഭകളിലും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നൽകിയില്ലെങ്കിൽ ശീതകാല സമ്മേളനത്തിലെ ബാക്കിയുള്ള ദിവസങ്ങളിൽ പാർലമെന്റ് പൂർണമായി സ്തംഭിപ്പിക്കാൻ പ്രതിപക്ഷ ‘ഇന്ത്യ’മുന്നണി തീരുമാനിച്ചു. മുഴുവൻ പ്രതിപക്ഷ എംപിമാർക്കും സസ്പെൻഷൻ ലഭിക്കുംവിധം ഇരു സഭകളിലും രൂക്ഷ പ്രക്ഷോഭം നടത്തണമെന്ന് ഇന്നലെ ചേർന്ന മുന്നണി യോഗത്തിൽ അഭിപ്രായമുയർന്നു. 22 വരെയാണു ശീതകാല സമ്മേളനം.
മറുപടി പറയാൻ അമിത് ഷായ്ക്കു നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ലോക്സഭാ സ്പീക്കർ ഓം ബിർലയ്ക്കും രാജ്യസഭാധ്യക്ഷൻ ജഗ്ദീപ് ധൻകറിനും പ്രതിപക്ഷ കക്ഷികൾ കത്തുനൽകി. പാർലമെന്റിൽ സംസാരിക്കാൻ തയാറാകാത്ത അദ്ദേഹം, സ്വകാര്യ വാർത്താ ചാനലിന്റെ ചടങ്ങിൽ കഴിഞ്ഞ ദിവസം അതിക്രമത്തെക്കുറിച്ചു പ്രതികരിച്ചതും പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. സുരക്ഷാവീഴ്ചയെക്കുറിച്ച് പാർലമെന്റിൽ പ്രതികരിക്കാത്ത അമിത് ഷായുടെ പ്രവൃത്തി അഹങ്കാരമാണെന്നു പ്രതിപക്ഷ നേതാക്കൾ കുറ്റപ്പെടുത്തി.