നിഖിൽ തോമസ് വ്യാജസർട്ടിഫിക്കറ്റ് കേസ്: നാലാം പ്രതി സമാനകേസിൽ വീണ്ടും പിടിയിൽ
Mail This Article
ചെന്നൈ ∙ എസ്എഫ്ഐ മുൻ നേതാവ് നിഖിൽ തോമസിന് വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകിയ കേസിൽ ജാമ്യത്തിലിറങ്ങിയ നാലാം പ്രതി ചെന്നൈ സ്വദേശി മുഹമ്മദ് റിയാസിനെ (30) സമാന കേസിൽ തമിഴ്നാട് ക്രൈംബ്രാഞ്ച് പിടികൂടി.
ചെന്നൈയിൽ എജ്യുടെക് എന്ന സ്ഥാപനം നടത്തിയിരുന്ന റിയാസിന്റെ വലംകൈ ആയ നൊലമ്പൂർ സ്വദേശി എം.മേഘേശ്വരൻ (40), മറ്റു കൂട്ടാളികളായ ആന്ധ്ര ചിത്തൂർ സ്വദേശികൾ ഋഷികേശ് റെഡ്ഡി (33), ദിവാകർ റെഡ്ഡി (32) എന്നിവരും അറസ്റ്റിലായി.
നിഖിൽ കേസിൽ കായംകുളം പൊലീസ് പിടികൂടിയ റിയാസ് 3 മാസം മുൻപാണു ജാമ്യത്തിലിറങ്ങിയത്.
വീസയ്ക്കായി ആന്ധ്രസ്വദേശി വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചെന്ന യുഎസ് കോൺസുലേറ്റിന്റെ പരാതിയിൽ തമിഴ്നാട് ക്രൈംബ്രാഞ്ച് സംഘം നടത്തിയ അന്വേഷണമാണ് ഇപ്പോൾ വ്യാജ സർട്ടിഫിക്കറ്റ് റാക്കറ്റിനെ കുടുക്കിയത്.
കലിംഗ സർവകലാശാല, ചെന്നൈയിലെ ഐഐഐഎസ്ടി, ഷൈൻ യൂണിവേഴ്സിറ്റികൾ, സ്വാമി വിവേകാനന്ദ ബോർഡ് ഓഫ് സെക്കൻഡറി ആൻഡ് ഹയർ സെക്കൻഡറി എജ്യൂക്കേഷൻ തുടങ്ങിയവയുടെ 500ലേറെ വ്യാജ സർട്ടിഫിക്കറ്റുകൾ പിടിച്ചെടുത്തു.
ഡൽഹിയിലും ഹൈദരാബാദിലും ഇവരുടെ സംഘാംഗങ്ങൾ ഉണ്ടെന്നും പൊലീസ് പറഞ്ഞു.
എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറി നിഖിൽ തോമസ്, കലിംഗ സർവകലാശാലയുടെ വ്യാജ ബികോം ബിരുദവുമായി കായംകുളം എംഎസ്എം കോളജിൽ എംകോം പ്രവേശനം നേടിയതു വൻ വിവാദമായിരുന്നു. നിഖിൽ സർട്ടിഫിക്കറ്റ് വാങ്ങിയ കൊച്ചിയിലെ ഏജൻസിക്ക് ഇതു തയാറാക്കി നൽകിയതു റിയാസാണ്.