പ്രതിപക്ഷനേതാവാകാൻ ഗെലോട്ട്– സച്ചിൻ യുദ്ധം
Mail This Article
ന്യൂഡൽഹി ∙ രാജസ്ഥാനിൽ പ്രതിപക്ഷ നേതാവാകാൻ അശോക് ഗെലോട്ടും സച്ചിൻ പൈലറ്റും തമ്മിൽ പിടിവലി. മധ്യപ്രദേശിലും ഛത്തീസ്ഗഡിലും നടത്തിയതിനു സമാനമായ അഴിച്ചുപണിക്കു കോൺഗ്രസ് ഹൈക്കമാൻഡ് തയാറായാൽ ഗെലോട്ടിന്റെ വഴിയടയും.
അതേസമയം സംസ്ഥാന രാഷ്ട്രീയത്തിൽ തന്റെ എതിരാളിയായ സച്ചിന്റെ കയ്യിലേക്കു നേതൃസ്ഥാനമെത്തുന്നതു തടയാനുള്ള തീവ്രശ്രമത്തിലാണു ഗെലോട്ട്. തിരഞ്ഞെടുപ്പിൽ തോറ്റെങ്കിലും കോൺഗ്രസിന് 69 സീറ്റ് ലഭിച്ചത് തന്റെ സ്വാധീനത്തിനു തെളിവായി ഗെലോട്ട് ചൂണ്ടിക്കാട്ടുന്നു. സച്ചിൻ പ്രതിനിധീകരിക്കുന്ന ഗുജ്ജർ സമുദായം കോൺഗ്രസിനെ കൈവിട്ടുവെന്നും അദ്ദേഹം വാദിക്കുന്നു.
മറുവശത്ത്, ഇനി തന്റെ ഊഴമാണെന്ന ഉറച്ച നിലപാടിലാണു സച്ചിൻ. ഇരുവരെയും മറികടന്ന് മൂന്നാമതൊരാളെ നേതാവായി ഹൈക്കമാൻഡ് അവരോധിക്കാനുള്ള നേരിയ സാധ്യതയും നിലനിൽക്കുന്നു. അങ്ങനെ സംഭവിച്ചാൽ അതിനോടുള്ള സച്ചിന്റെ നിലപാട് കാത്തിരുന്നു കാണേണ്ടി വരും.