മോക് പാർലമെന്റിൽ രാജ്യസഭാധ്യക്ഷനെ അനുകരിച്ചു; വിവാദം
Mail This Article
ന്യൂഡൽഹി ∙ പാർലമെന്റിൽനിന്നു പുറത്താക്കപ്പെട്ട എംപിമാർ മോക് പാർലമെന്റ് നടത്തുന്നതിനിടെ രാജ്യസഭാധ്യക്ഷൻ ജഗ്ദീപ് ധൻകറിനെ അനുകരിച്ചതു വിവാദമായി. ടിഎംസി അംഗം കല്യാൺ ബാനർജിയാണ് രാജ്യസഭയിൽ ധൻകർ പക്ഷപാതപരമായി പെരുമാറുന്നുവെന്നു കാണിക്കാൻ അദ്ദേഹത്തെ അനുകരിച്ചത്. ഇതു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അൽപനേരം വിഡിയോയിൽ പകർത്തി.
ഇന്നലെ രാവിലെ സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാർ പാർലമെന്റ് കവാടത്തിൽ പ്രതിഷേധം നടത്തുന്നതിനിടെ എഴുന്നേറ്റ കല്യാൺ ബാനർജി, ധൻകറിനെ അനുകരിച്ച് രാഹുൽ ഗാന്ധിയെ വിളിച്ച് എന്തോ പറഞ്ഞു. താൻ ലോക്സഭാംഗമാണെന്നു കൂട്ടച്ചിരിക്കിടെ പറഞ്ഞ രാഹുൽ മൊബൈൽ ഫോണിൽ ബാനർജിയുടെ മിമിക്രി പകർത്തി. മറ്റു ചില അംഗങ്ങൾ ലോക്സഭാ സ്പീക്കർ ഓം ബിർലയെയും അനുകരിച്ചു. ഈ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ബിജെപി ശക്തമായ വിമർശനവുമായി രംഗത്തെത്തി.
പ്രതിപക്ഷം തന്നെ കളിയാക്കിയതിനെ ധൻകർ രാജ്യസഭയിൽ വിമർശിച്ചു. ‘ഇത്തരമൊരു പ്രവൃത്തി നടക്കുമ്പോൾ താങ്കളുടെ നേതാവ് വിഡിയോ എടുക്കുന്നതു കാണുന്ന എന്റെ മനസ്സിലൂടെ എന്താകും പോയിട്ടുണ്ടാകുകയെന്നു ചിന്തിച്ചോ’ എന്നു ധൻകർ കോൺഗ്രസ് അംഗം പി.ചിദംബരത്തോടു ചോദിച്ചു. കർഷകനെന്ന നിലയിലുള്ള തന്റെ പശ്ചാത്തലത്തെ കളിയാക്കരുതെന്നും ജാട്ട് എന്ന നിലയിലും ചെയർമാൻ എന്ന നിലയിലും തന്നെ അവഹേളിക്കുകയാണു കോൺഗ്രസ് പ്രചരിപ്പിച്ച വിഡിയോയിലൂടെ ചെയ്തതെന്നും ധൻകർ പറഞ്ഞു. കോൺഗ്രസ് പങ്കുവച്ച വിഡിയോ പിന്നീടു പിൻവലിച്ചു. ഭരണഘടനാ സ്ഥാപനങ്ങളിലുള്ളവരെ അപമാനിക്കുന്നതിനെ പാർലമെന്ററികാര്യ സഹമന്ത്രി വി.മുരളീധരൻ വിമർശിച്ചു.