ടെലികോം ബിൽ: ഇന്റർനെറ്റ് കോളിനും മെസേജിനും വ്യവസ്ഥകൾ ബാധകമാകില്ല
Mail This Article
ന്യൂഡൽഹി ∙ ടെലികോം ബില്ലിലെ വ്യവസ്ഥകൾ ടെലികോം ശൃംഖലയിലൂടെയുള്ള കോൾ, മെസേജ് എന്നിവയ്ക്കു മാത്രമേ ബാധകമാകൂ. ബില്ലിലെ നിർവചനത്തിൽ ഇതു വ്യക്തമാക്കിയിട്ടില്ലെങ്കിലും ഇന്റർനെറ്റ് കോളിനും മെസേജിനും വ്യവസ്ഥകൾ ബാധകമാകില്ലെന്നാണു കേന്ദ്ര ടെലികോം വകുപ്പിന്റെ നിലപാട്.
2022ലെ കരടുബില്ലിൽ ‘ടെലികമ്യൂണിക്കേഷൻ സർവീസ്’ എന്നതിന്റെ നിർവചനത്തിൽ ഒടിടി ആശയവിനിമയ സംവിധാനങ്ങൾ (ഉദാ: വാട്സാപ്) ഉൾപ്പെട്ടിരുന്നു. കഴിഞ്ഞദിവസം അവതരിപ്പിച്ച ബില്ലിൽ ഇത് ഒഴിവാക്കിയെങ്കിലും മെസേജ്, ടെലികമ്യൂണിക്കേഷൻ എന്നിവയുടെ നിർവചനത്തിൽ എല്ലാത്തരം ആശയവിനിമയ സംവിധാനങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. പക്ഷേ, ഈ നിർവചനം 1993ലെ ഇന്ത്യൻ വയർലെസ് ടെലിഗ്രാഫി നിയമത്തിന്റെ ചുവടുപിടിച്ചാണ്.
നിർവചനത്തിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നാണു വിദഗ്ധരുടെ അഭിപ്രായം. എന്നാൽ, തങ്ങളുടെ അധികാരപരിധിയിൽ ടെലികോം സേവനദാതാക്കൾ (കാരിയർ സർവീസ്) മാത്രമാണുള്ളതെന്നാണ് ടെലികോം വകുപ്പിന്റെ പക്ഷം. ആപ്പുകളും ഇന്റർനെറ്റ് സേവനങ്ങളും ഐടി മന്ത്രാലയത്തിന്റെ കീഴിലാണ്. ഇന്റർനെറ്റ് കമ്പനികളുടെ കൂട്ടായ്മകളായ ബ്രോഡ്ബാൻഡ് ഇന്ത്യ ഫോറം, ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ എന്നിവ ബില്ലിനെ സ്വാഗതം ചെയ്തു.
ആൾമാറാട്ടത്തിലൂടെ സിം: 3 വർഷം വരെ തടവ്
ചതിയിലൂടെ മറ്റൊരാളുടെ തിരിച്ചറിയൽരേഖ കൈക്കലാക്കി സിം കാർഡ് എടുത്താൽ ടെലികോം ബിൽ പ്രകാരം 3 വർഷം തടവോ 50 ലക്ഷം രൂപ പിഴയോ ലഭിക്കും. ഉത്തരേന്ത്യയിലും മറ്റും ഗ്രാമീണരുടെ തിരിച്ചറിയൽരേഖ തട്ടിയെടുത്തശേഷം അതുപയോഗിച്ചു സിം കാർഡുകൾ എടുക്കുന്ന സൈബർ തട്ടിപ്പുകാരെ ലക്ഷ്യമിട്ടാണു തീരുമാനം. വിദേശ നമ്പർ എന്നു തോന്നിപ്പിക്കുന്ന വെർച്വൽ നമ്പറുകൾ (ഉദാ: +1 4563) ലഭ്യമാക്കുന്ന സേവനങ്ങൾ പൂർണമായും വിലക്കാനും കേന്ദ്രത്തിനു പദ്ധതിയുണ്ട്.
‘കോളർ ഐഡി’ വ്യവസ്ഥ കരടിലുണ്ടായിരുന്നെങ്കിലും അന്തിമബില്ലിൽ ഒഴിവാക്കി. ഫോണിൽ വിളിക്കുകയോ മെസേജ് അയയ്ക്കുകയോ ചെയ്യുന്നവരുടെ പേരുവിവരം അവ സ്വീകരിക്കുന്നയാൾക്കു ലഭ്യമാക്കണമെന്നായിരുന്നു കരടിലെ വ്യവസ്ഥ. അപ്രായോഗികതയും സ്വകാര്യതയും ചൂണ്ടിക്കാട്ടിയാണ് ഒഴിവാക്കിയത്. സ്റ്റാർലിങ്ക്, വൺവെബ് പോലെയുള്ള ഉപഗ്രഹ ഇന്റർനെറ്റ് സേവനങ്ങൾക്ക് ലേലം നടത്താതെ സ്പെക്ട്രം നേരിട്ട് അനുവദിക്കാൻ കേന്ദ്രത്തിനാകും.