49 എംപിമാർകൂടി പുറത്ത്; ഇതുവരെ സസ്പെൻഡ് ചെയ്യപ്പെട്ട പ്രതിപക്ഷ എംപിമാർ 141
Mail This Article
ന്യൂഡൽഹി ∙ പാർലമെന്റിലെ പുകയാക്രമണത്തെക്കുറിച്ചു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പ്രസ്താവന നടത്തണമെന്നാവശ്യപ്പെട്ട് പ്ലക്കാർഡുകളുമായി ലോക്സഭയുടെ നടുത്തളത്തിലിറങ്ങിയ 49 പ്രതിപക്ഷ എംപിമാരെക്കൂടി സസ്പെൻഡ് ചെയ്തു. ഇതോടെ സസ്പെൻഡ് ചെയ്യപ്പെട്ട ആകെ ലോക്സഭാംഗങ്ങൾ 95 ആയി. രാജ്യസഭയിൽ ഇന്നലെയും ബഹളമുണ്ടായെങ്കിലും പുതുതായി ആരെയും സസ്പെൻഡ് ചെയ്തില്ല.
സഭാ സമ്മേളനം തീരുന്ന മറ്റന്നാൾ സസ്പെൻഷനിൽ പ്രതിഷേധിച്ചു രാജ്യവ്യാപക പ്രക്ഷോഭത്തിന് ‘ഇന്ത്യ’ മുന്നണി ആഹ്വാനം ചെയ്തു. പാർലമെന്റിനു മുൻപിലും പ്രതിഷേധം തുടരും.
പ്രതിപക്ഷം സഭ ബഹിഷ്കരിച്ചശേഷം ആഭ്യന്തരമന്ത്രി അമിത്ഷാ ലോക്സഭയിലെത്തി ക്രിമിനൽ നിയമങ്ങൾ പരിഷ്കരിക്കാനുള്ള 3 ബില്ലുകൾ അവതരിപ്പിച്ചു. കഴിഞ്ഞദിവസങ്ങളിൽ അദ്ദേഹം പാർലമെന്റിലുണ്ടായിരുന്നെങ്കിലും സഭയിൽ വന്നിരുന്നില്ല.
ഇരുസഭകളിലുമായി മൊത്തം 141 പ്രതിപക്ഷ എംപിമാരെയാണ് ഇതുവരെ സസ്പെൻഡ് ചെയ്തത്. പ്ലക്കാർഡുകൾ ഉയർത്തിയുള്ള പ്രക്ഷോഭമാണ് സസ്പെൻഷനു കാരണമായി പറഞ്ഞത്. 49 പേരിൽ 18 പേരും കോൺഗ്രസിൽ നിന്നാണ്.
സോണിയയെയും രാഹുലിനെയും ഒഴിവാക്കി
സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രക്ഷോഭത്തിൽ പങ്കുചേർന്ന് എഴുന്നേറ്റുനിന്നെങ്കിലും സസ്പെൻഡ് ചെയ്തില്ല. ഒപ്പം നിന്ന സുപ്രിയ സുളെയ്ക്ക് (എൻസിപി) സസ്പെൻഷൻ കിട്ടി. ശശി തരൂർ, കെ.സുധാകരൻ, അടൂർ പ്രകാശ്, അബ്ദുസമദ് സമദാനി എന്നിവരും നാഷനൽ കോൺഫറൻസിലെ ഫാറൂഖ് അബ്ദുല്ല, ബിഎസ്പി സസ്പെൻഡ് ചെയ്ത ഡാനിഷ് അലി തുടങ്ങിയവരും നടപടി നേരിട്ടവരിലുണ്ട്.