ഗ്യാൻവാപി: 1991ലെ നിയമം തടസ്സമല്ലെന്ന് ഹൈക്കോടതി
Mail This Article
ന്യൂഡൽഹി ∙ ആരാധനാ സ്ഥലങ്ങളുടെ സ്വഭാവം മാറ്റുന്നതു തടഞ്ഞുള്ള 1991ലെ നിയമം വാരാണസി ഗ്യാൻവാപി മസ്ജിദുമായി ബന്ധപ്പെട്ട കേസുകൾക്കു ബാധകമാകില്ലെന്ന് അലഹാബാദ് ഹൈക്കോടതി വ്യക്തമാക്കി.
മസ്ജിദ് ഉൾപ്പെടുന്ന ‘ഗ്യാൻവാപി കോംപൗണ്ടി’ന്റെ മതപരമായ സ്വഭാവം സിവിൽ കോടതിയാണു തീരുമാനിക്കേണ്ടതെന്നും ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാളിന്റെ ഉത്തരവിൽ പറയുന്നു.
സ്ഥലത്തിനു ഹിന്ദുമതത്തിന്റെയോ മുസ്‌ലിം മതത്തിന്റെയോ സ്വഭാവമാകാം; ഒരേസമയം രണ്ടുംകൂടി സാധ്യമല്ല. വാദങ്ങളും തെളിവുകളും പരിഗണിച്ച് കോടതിയാണ് സ്വഭാവം തീരുമാനിക്കേണ്ടത്. നിയമപരമായ പ്രശ്നങ്ങൾ തീരുമാനിച്ചു തീർപ്പിലെത്താനാവില്ലെന്നും കോടതി വിലയിരുത്തി.
ഗ്യാൻവാപി മസ്ജിദ് സ്ഥിതിചെയ്യുന്ന സ്ഥലത്തിന്മേൽ അവകാശം തേടുന്ന ഹൈന്ദവ കക്ഷികളുടെ 1991 മുതലുള്ള ഹർജികൾക്കെതിരെ യുപി സുന്നി കേന്ദ്ര വഖഫ് ബോർഡും മസ്ജിദ് ഭരണസമിതിയും നൽകിയ ഹർജികൾ തള്ളി. അവകാശം ഉന്നയിച്ചുള്ള ഹർജിയിലെ നടപടികൾ ദേശീയ താൽപര്യം കണക്കിലെടുത്ത് കഴിവതും 6 മാസത്തിനകം പൂർത്തിയാക്കണമെന്നു വാരാണസി സിവിൽ കോടതിയോട് ഹൈക്കോടതി നിർദേശിച്ചു.
കാശി വിശ്വനാഥ ക്ഷേത്രത്തിനു സമീപമുള്ള ഗ്യാൻവാപി മസ്ജിദിന്റെ നിർമാണത്തെക്കുറിച്ച് പഠിക്കാൻ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് (എഎസ്ഐ) സിവിൽ കോടതി 2021ൽ നിർദേശിച്ചിരുന്നു. മറ്റേതെങ്കിലും ആരാധനാലയത്തിനു മാറ്റംവരുത്തിയാണോ മസ്ജിദ് സ്ഥാപിച്ചിട്ടുള്ളതെന്നു പഠിക്കാനാണ് സർവേ.